Monday, May 20, 2024
spot_img

ഡോ വന്ദന ദാസിന് കേരളത്തിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്നുച്ചയ്ക്ക് 02 മണിക്ക്; എഫ് ഐ ആറിലെ പൊരുത്തക്കേട് സംബന്ധിച്ച പരാതികൾക്കിടെ പ്രതിയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ വന്ദന ദാസിന് നാടിന്റെ അന്ത്യാഞ്ജലി. സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് നടക്കും. രാത്രി 8 മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളെത്തി. ഗതാഗത തടസ്സം പരിഹരിക്കാൻ കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹം എത്തിച്ച ആംബുലൻസിൽനിന്ന് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കൾക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.

അതിനിടെ എഫ് ഐ ആറിലെ പൊരുത്തക്കേടുകൾ വിവാദമായതിനെ തുടർന്ന് കൂടുതൽ മൊഴികളുടെ അടിസ്ഥാനത്തിൽ എഫ് ഐ ആറിൽ മാറ്റംവരുമെന്ന് അറിയിച്ചിട്ടുണ്ട്. കൊലപാതകം തടയാൻ കഴിയാത്ത പോലീസിനെ ന്യായീകരിക്കുംവിധമാണ് എഫ് ഐ ആർ തയ്യാറാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇന്നലെ 09:00 മണിക്ക് രജിസ്റ്റർ ചെയ്‌ത കേസിൽ ഡോ വന്ദനയുടെ മരണം പോലും പ്രതിപാദിച്ചിട്ടില്ല. ഡി വൈ എസ് പി വിജയകുമാറിനാണ് അന്വേഷണ ചുമതല. അതേസമയം ഡോ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളാ പോലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഇന്നലെ പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാരിനും പോലീസിനുമെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇന്നലെ പ്രതി സന്ദീപിനെ ചികിത്സക്കായി കൊണ്ടുവന്ന കൊല്ലം ഗവ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം അരങ്ങേറി. കൊല്ലം ഗവ. മെഡിക്കൽ കോളജിൽ. സന്ദീപിനെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകി. രാവിലെ 8.30നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. പ്രതിയെ പുറത്തിറക്കാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ കവാടം സ്തംഭിപ്പിച്ച് മുദ്രാവാക്യം വിളിച്ചു. സമയം കഴിയുന്തോറും ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു. പ്രതിഷേധം ശക്തമായതോടെ ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി.

അതിനിടെ പ്രതി അക്രമാസക്തനാവുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തതോടെ വിലങ്ങണിയിച്ച് കൈകൾ കെട്ടിയിട്ട് സ്ട്രെച്ചറിൽ കിടത്തി. മെഡിക്കൽ ബോർഡ് ചേർന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, പുറത്ത് വിടാൻ സമ്മതിക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു. ഹൗസ് സർജൻ അസോസിയേഷൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി പൊലീസ് നിരവധി തവണ ചർച്ച നടത്തി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പു നൽകി. തുടർന്ന് 3 മണിക്കൂറിന് ശേഷം 12.15 നാണ് പ്രതിയെ കൊണ്ടുപോയത്. ശക്തമായ ഉന്തും തള്ളിനും ഇടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് പ്രതിയെ ആംബുലൻസിൽ കയറ്റിയത്.

Related Articles

Latest Articles