Friday, December 12, 2025

‘ഹൃദയഭേദകം! ടെലിഗ്രാമിൽ കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാൻ…!’ എആർഎം വ്യാജ പതിപ്പ് ടെലിഗ്രാമിൽ; പ്രതികരിച്ച് സംവിധായകൻ

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം) വ്യാജ പതിപ്പ് ടെലിഗ്രാമിൽ. സംവിധായകൻ ജിതിൻ ലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്രെയിൻ യാത്രക്കിടെ ഒരാൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് മൊബൈലിലൂടെ കാണുന്നതിന്റെ ദൃശ്യമാണ് ജിതിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ഒരു സുഹൃത്താണ് എനിക്ക് ഇത് അയച്ചുതന്നത്. ഹൃദയഭേദകം. വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ. അല്ലാതെ എന്ത് പറയാനാ”? എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ജിതിൻ കുറിച്ചത്.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി കുതിക്കുകയായിരുന്നു ചിത്രം. അതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തായിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Articles

Latest Articles