ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നാളെ തുടങ്ങും .രണ്ടു പതിറ്റാണ്ടിനുശേഷം സംഘടിപ്പിക്കുന്ന ജലഘോഷ യാത്രയും ഉള്ളതിനാൽ ഇക്കൊല്ലം വള്ളംകളി കളറാകും .52 പള്ളിയോടങ്ങൾ പങ്കെടുക്കുന്നതാണ് ഇക്കൊല്ലത്തെ ജലഘോഷ യാത്രയുടെ പ്രത്യേകത.എ ബാച്ച് ബി ബാച്ച് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് വള്ളംകളി മത്സരം നടക്കുന്നത്.നാളെ ഉച്ചക്ക് ഒരു മണിക്ക് പമ്പയാറ്റിൽനടക്കുന്ന മത്സരത്തിൽ ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനു ശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ്.
പരപ്പുഴ കടവു മുതൽ സത്രക്കടവുവരെ നടക്കുന്ന വള്ളംകളി മത്സരത്തിൽ രാവിലെ 9.30-ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പുമന്ത്രി ഗിരിരാജ് സിങ്, കേന്ദ്ര ഫിഷറീസ്-ന്യൂനപക്ഷ വകുപ്പുമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, പി.പ്രസാദ്, വി.എൻ.വാസവൻ, എം.പി.മാരായ ആൻറോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ട അതിഥികളായെത്തും.

