Monday, September 21, 2026

ഹൃദയം തകർക്കുന്ന വേദന !! അജിത് പവാറിന്റെ ദാരുണ മരണത്തിൽ സുപ്രിയ സുലെ; അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ ഭിന്നതകൾക്കിടയിലും കുടുംബബന്ധങ്ങൾ മെച്ചപ്പെട്ടു വരുന്നതിനിടെ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി സഹോദരി സുപ്രിയ സുലെ. ദുരന്തവാർത്ത അറിഞ്ഞതിന് പിന്നാലെ എൻസിപി എംപി കൂടിയായ സുപ്രിയ സുലെ ദില്ലിയിൽ നിന്ന് ബാരാമതിയിലേക്ക് തിരിച്ചു. കുടുംബം അങ്ങേയറ്റം ആഘാതത്തിലാണെന്നും തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ ‘തകർന്നുപോയി’ എന്ന് സുപ്രിയ സുലെ പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെ എൻസിപിയിലെ രാഷ്ട്രീയ ഭിന്നതകൾക്കിടയിലും കുടുംബബന്ധങ്ങൾ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലായിരുന്നു ഈ അപ്രതീക്ഷിത വിയോഗം. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റൺവേയ്ക്ക് സമീപം നടന്ന അപകടത്തെത്തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രദേശം പൂർണ്ണമായും സീൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനിച്ചു. വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കുന്നതിലൂടെ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങളും എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ ആശയവിനിമയങ്ങളും വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. അജിത് പവാറിന്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles