Tuesday, November 10, 2026

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം; അതീവ ജാഗ്രതാനിർദേശം നൽകി ഡിജിപി അനിൽ കാന്ത്

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ജാഗ്രതാനിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം ആരംഭിക്കാനും നിർദേശിച്ചു.

സംസ്ഥാനത്ത് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങൾക്ക് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ജില്ലാ കലക്ടർമാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പർക്കം പുലർത്തും. ജെസിബി, ബോട്ടുകൾ, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ തയാറാക്കിവയ്ക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. കൂടാതെ തീരപ്രദേശങ്ങളിൽ സുരക്ഷാ ബോട്ടുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകളോട് ആവശ്യപ്പെട്ടു. തീരദേശമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലോര ജാഗ്രതാ സമിതിയുടെ സേവനം വിനിയോഗിക്കും.

മാത്രമല്ല മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങൾ സംഭവിക്കാനിടയുള്ള സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും നിർദേശമുണ്ട്. അവശ്യഘട്ടങ്ങളിൽ പൊലീസിന്റെ എല്ലാ വിഭാഗങ്ങളുടെയും സേവനം പൊതുജനങ്ങൾക്ക് താമസമില്ലാതെ ലഭ്യമാക്കാൻ യൂണിറ്റ് മേധാവിമാർ നടപടി സ്വീകരിക്കും. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വാർത്താവിനിമയബന്ധം തടസപ്പെടാതിരിക്കാൻ ടെലികമ്യൂണിക്കേഷൻ വിഭാഗം എസ്പി നടപടിയെടുക്കും. അതേസമയം പോലീസ് വിന്യാസത്തിന്റെ ചുമതലയുള്ള നോഡൽ ഓഫിസറായി സായുധ പോലീസ് ബറ്റാലിയൻ വിഭാഗം എഡിജിപി കെ.പത്മകുമാറിനെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെയേയും നിയോഗിച്ചു.

Related Articles

Latest Articles