തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. മാത്രമല്ല ശക്തമായ മഴ പ്രവചിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരും മണിക്കൂറില്‍ കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇതേതുടർന്ന് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം നിലവില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ കേരള തീരത്ത് നിന്നും അകന്ന് കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നില്‍ക്കുന്നതാകും നല്ലത്. കേരള തീരത്ത് നിന്നും ആരും ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് 14 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

