Friday, May 3, 2024
spot_img

ദുരിതപ്പേമാരി: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമും തുറന്നേക്കും; ചെറുതോണിയും മൂഴിയാറും ഉൾപ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് (Red Alert) ആണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടൽ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയോട് അടുക്കുകയാണ്. ഇടുക്കി ഹൈറേഞ്ച് മേഖലയിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. നീരൊഴുക്ക് ഇനിയും ശക്തമാകുകയാണെങ്കിൽ മുല്ലപ്പെരിയാർ ഡാമും തുറക്കേണ്ടി വരുമെന്നാണ് സൂചന.

എന്നാൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി ഡാം ‌ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. മധ്യ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. അതേസമയം, ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ‍ർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചു. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സ‍ർവകലാശാലയും ഇന്നത്തെ (15/11/2021) പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles