കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ഇതേതുടർന്ന് കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്നാണ് ആശങ്ക. അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. പലയിടത്തും മണ്ണിടിഞ്ഞതിനെതുടർന്ന് കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങികിടക്കുന്നത്.
അതേസമയം വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം. നിലവിൽ അടിവാരം ടൗണിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
നിലവിൽ കോഴിക്കോട് , കുറ്റ്യാടി മേഖലയിലും മഴ തകർത്ത് പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ വലിയ തോതിൽ വെള്ളം പെയ്തിറങ്ങുന്നു എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വെള്ളക്കെട്ട് ഉണ്ടാക്കുന്നു എന്നത് ഏറെ ആശങ്ക പടർത്തുന്നുണ്ട്. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.

