Thursday, May 16, 2024
spot_img

ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

കൊച്ചി: കഴിഞ്ഞ ദിവസം ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ചെത്തിയ നടന്‍ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ വൈറ്റില സ്വദേശിയായ ജോസഫിനെയാണ് കസ്റ്റഡിയിലെടുത്തത്. ജോസഫിനെ കസ്റ്റഡിയിലെടുത്തത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ദേശീയപാതയിൽ നീണ്ടു നിന്ന സമരത്തെ തുടര്‍ന്ന് വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചുതകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു.

ഇതേതുടർന്ന് ജോജു നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലും ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കാറിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കണ്ടെത്തിയത്. കൂടാതെ ചില്ല് തകര്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കാറില്‍ നിന്ന് ലഭിച്ച രക്തസാമ്പിളുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ രക്തസാമ്പിളുകളും ഒന്നായതോടെയാണ് ജോസഫിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles