Wednesday, January 7, 2026

സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ അതിശക്തമായ മഴയും, കാറ്റും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദില്ലി: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് (Heavy Rain In Kerala) കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുമുണ്ടാകും. മലയോര ജില്ലകളിൽ അതിശക്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. മലയോരമേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതിരോധ നടപടിൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. കേരളാ തീരത്ത് കാറ്റിൻറെ വേഗം 50 കി.മി വരെയാകാൻ സാധ്യതയുളളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന വടക്കൻ ജില്ലകളിൽ രാവിലെ മഴയില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുളള പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കി. കേന്ദ്രസേനയും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്.

ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി നദീതീരങ്ങളിൽ 26 മുതൽ 37 മി.മീറ്റർ വരെയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മി.മീറ്റർ വരെയും മഴയ്‌ക്ക് സാദ്ധ്യത. വ്യാഴം കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. വെള്ളിവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 50 കി.മീ. വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന് പോകരുത്.

കാറ്റ് ശക്തമാകും

അതിതീവ്ര കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിയാനും സാധ്യതയുണ്. അതുകൊണ്ടുതന്നെ മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡ്, ഇലക്ട്രിക് പോസ്റ്റ്, കൊടിമരം എന്നിവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ വേണം. കാറ്റ് വീശുമ്പോൾ ജനലും വാതിലും അടച്ചിടണം. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ ബന്ധപ്പെട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. വൈദ്യുതി കമ്പിയും പോസ്റ്റും വീഴുന്നത് ശ്രദ്ധയിൽപെട്ടാൽ 1912, 1077 എന്നീ നമ്പരുകളിൽ വിവരം അറിയിക്കണം. നേരിട്ട് അറ്റകുറ്റപ്പണി ചെയ്യരുത്.

നിലവിൽ ജലാശയങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയിലല്ലെന്നാണ് വിലയിരുത്തൽ. അതേ സമയം ആലപ്പുഴ ചെറുതന യിൽ 400 ഏക്കർ വരുന്ന തേവേരി പാടശേഖരത്തിൽ മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകൾ തുറന്നിട്ടിരിക്കുന്നതിനാൽ, അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

Related Articles

Latest Articles