Monday, October 5, 2026

തിരുവനന്തപുരം ജില്ലയിൽ കനത്ത കാറ്റും മഴയും; ജാഗ്രത നിർദ്ദേശം

തലസ്ഥാന ജില്ലയില്‍ ശക്തമായ മഴയും കാറ്റും. കാട്ടാക്കട താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ബോര്‍ഡുകളും ഫ്‌ലക്‌സുകളും കാറ്റില്‍ പറന്നുപോയി. പലയിടത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. ഇതേതുടർന്ന് പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മലയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളം കയറി. കേരളത്തില്‍ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ശത്മായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാത്രമല്ല സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മധ്യ-തെക്കൻ കേരളത്തിലാകും വേനൽ മഴ കൂടുതലായി ലഭിക്കുക. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തെക്കൻ ആൻഡമാൻ കടലിലും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏപ്രിൽ 7ന് ഈ മേഖലയിലെ മത്സ്യബന്ധനം ഒഴിവാക്കണം.

Related Articles

Latest Articles