ടെൽ അവീവ് : മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈൽ അതിർത്തി കടക്കുന്നതിന് മുന്നേ ഇസ്രയേൽ സൈന്യം തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.കമാൻഡർ ഇബ്രാഹിം ഖുബൈസിയെ വധിച്ചതിലുള്ള പ്രതികാരമായാണ് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്താൻ ശ്രമിച്ചത് എന്നാണ് വിവരം. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ഇന്ന് രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇതാദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹിസ്ബുള്ളയുടെ മിസൈൽ ലോഞ്ചറുകൾ തകർത്തതായും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ഇന്നലെ ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാൻഡറാണ് ഖുബൈസി. ഖുബൈസിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇസ്രയേലിലെ ഹൈഫ നഗരം ലക്ഷ്യമാക്കി മുന്നൂറോളം റോക്കറ്റുകൾ ഹിസ്ബുള്ള തൊടുത്തിരുന്നു. പിന്നാലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവർത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. ഗാസയിൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിന്റെ അതിർത്തിയിലേക്ക് ഒരുവർഷമായി റോക്കറ്റയക്കുകയാണ് ഹിസ്ബുള്ള. ഇസ്രയേൽ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജർ-വാക്കിടോക്കി സ്ഫോടനങ്ങൾ നടന്നതോടെയാണ് സംഘർഷം വീണ്ടും കനത്തത്.

