Monday, May 20, 2024
spot_img

സന്ദേശ്ഖാലിയിൽ ബിജെപിയുടെ പ്രതിഷേധത്തിന് അനുമതി നൽകി ഹൈക്കോടതി; പോലീസ് ഉത്തരവ് റദ്ദാക്കി

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബിജെപി പ്രതിഷേധം നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള പോലീസ് ഉത്തരവ് റദ്ദാക്കി കൊൽക്കത്ത ഹൈക്കോടതി. പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പശ്ചിമ ബം​ഗാൾ ബിജെപി സെക്രട്ടറി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരമാവധി 150 പേരെ ഉൾപ്പെടുത്തി രാവിലെ 10നും വൈകിട്ട് ആറ് മണിക്കും ഇടയിൽ പ്രതിഷേധം നടത്താൻ കോടതി അനുമതി നൽകി.

ഫെബ്രുവരി 26 മുതൽ 28 വരെ പ്രതിഷേധം നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് പോലീസിന് ബംഗാളിലെ ബിജെപി നേതൃത്വം അപേക്ഷ നൽകിയിരുന്നു. എന്നാൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ബം​ഗാൾ സർക്കാരിന് തലവേദനയാകുമെന്നതിനാൽ പോലീസ് അനുമതി നിഷേധിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി.

എന്നാൽ പ്രതിഷേധം നടത്താനുദ്ദേശിക്കുന്ന മേഖലയിൽ സ്കൂളുകളോ കോളേജുകളോയില്ലെന്നും അതിനാൽ വിദ്യാർത്ഥികളെ പ്രതിഷേധം ബാധിക്കില്ലെന്നും ബിജെപി കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ, സമാധാനപരമായി ഒത്തുകൂടാനുള്ള മൗലികാവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊൽക്കത്ത ഹൈക്കോടതി, പോലീസിന്റെ ഉത്തരവ് റദ്ദാക്കുകയും വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രകടനത്തിന് അനുമതി നൽകുകയുമായിരുന്നു.

Related Articles

Latest Articles