Tuesday, May 14, 2024
spot_img

ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് വേണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല;യുവ ഡോക്ടർ സർക്കാർ കെടുകാര്യസ്ഥതയുടെ രക്തസാക്ഷിയോ?

തിരുവനന്തപുരം : എല്ലാ സ്റ്റേഷനിലും ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് ഉണ്ടാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2019 ലെ വിധി 4 വർഷങ്ങൾക്കിപ്പുറവും നടപ്പിലാക്കാതെ കേരളാ പോലീസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ വന്ദനാദാസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരി മരുന്ന് ഉപയോഗിച്ച അദ്ധ്യാപകന്റെ കുത്തേറ്റ് മരിച്ച സംഭവം ഡ്രഗ് ഡിറ്റക്‌ഷന്‍ കിറ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഒഴിവാക്കാനാകുമായിരുന്നെന്നു പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിയായ സന്ദീപ് ഉപയോഗിച്ച ലഹരി ഡ്രഗ് ഡിറ്റക്‌ഷന്‍ കിറ്റ് ഏതെന്നു കണ്ടെത്തിയിരുന്നെങ്കിൽ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ അധികൃതർക്കു മുന്നറിയിപ്പു നൽകാൻ സാധിക്കുമായിരുന്നു. അല്ലെങ്കിൽ ലഹരിയുടെ ലക്ക് വിട്ടതിന് ശേഷം മൊഴി രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്ക് അയയ്ക്കാൻ കഴിയുമായിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. രാസലഹരി അടക്കം ഇയാൾ ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

കോട്ടയം എസ്പിയായിരുന്ന രാമചന്ദ്രൻ ഐപിഎസാണ്ബി ഇത് സംബന്ധിച്ച ആവശ്യവുമായി കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി പിടിയിലായ പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഏതു ലഹരി മരുന്നാണെന്നും കണ്ടെത്താൻ ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് എല്ലാ സ്റ്റേഷനുകളിലും ഉപയോഗിക്കണമെന്ന് ഉത്തരവിട്ടു. തുടർന്ന്, ഇക്കാര്യം നടപ്പിലാക്കാൻ അന്നത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ നിർദേശം നൽകി.പിന്നീട് ഡിവിഷൻ ബെഞ്ചും ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റ് എല്ലാ സ്റ്റേഷനുകളിലും നൽകണമെന്ന് നിർദേശം നൽകിയെങ്കിലും കോടതി ഉത്തരവ് പേരിന് മാത്രം പാലിക്കപ്പെട്ടു. നിർദേശം പാലിച്ചെന്നു കാണിക്കാനായികുറച്ചു കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്ന രീതിയുണ്ടായി. കിറ്റുകൾ കിട്ടാതായതോടെ സ്റ്റേഷനുകളിൽ പരിശോധന നടക്കാതെയായി.

നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഡിആർഐ, കസ്റ്റംസ്, എക്സൈസ്, പൊലീസ് എന്നിങ്ങനെ ലഹരി മരുന്ന് പിടികൂടാൻ അധികാരമുള്ള ഏജൻസികൾക്ക് ഡിറ്റക്‌ഷൻ കിറ്റുകൾ നൽകുന്നത്. 6 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമാണ് കിറ്റുകൾ നിർമിക്കുന്നതെന്ന് പൊലീസ് പറയുന്നു. ലഹരി മരുന്ന് കേസുകൾ കൂടുതലുള്ള മേഖലകളിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളിൽപോലും ആവശ്യത്തിന് കിറ്റുകളില്ലാത്ത സ്ഥിതിയാണ്. രാസ ലഹരികൾ സംബന്ധിച്ച കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കിറ്റുകൾ ആവശ്യത്തിന് ലഭിച്ചാൽ കൂടുതൽ ഗുണകരമാകുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles