Saturday, April 20, 2024
spot_img

ഇനി വിവാഹങ്ങളും ഓൺലൈൻ വഴി: അത്യപൂർവ്വ തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: ഓൺലൈൻ വഴി ഹാജരായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ആദ്യമായാണ് ഓൺലൈൻ റജിസ്റ്റർ വിവാഹത്തിനു കളമൊരുങ്ങുന്നത്.

വെർച്വൽ റിയാലിറ്റിയുടെ യുഗത്തിൽ ഓൺലൈൻ വഴി വിവാഹം നടത്താൻ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാൻ മാറ്റിക്കൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ഹർജിക്കാരുടെ കാര്യത്തിൽ വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതിനാൽ ഇടക്കാല ഉത്തരവാണ് നൽകിയിരിക്കുന്നത്.

അതേസമയം ഹർജിക്കാരിയായ ധന്യ തിരുവനന്തപുരം സബ് റജിസ്ട്രാർ ഓഫിസിൽ എത്തുമ്പോൾ വരൻ ജീവൻകുമാർ യുക്രെയ്നിൽ നിന്ന് ഓൺലൈനിൽ വിവാഹത്തിനായി എത്തും. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിന് വധൂവരന്മാർ നേരിട്ടു മാര്യേജ് ഓഫിസർക്കു മുന്നിൽ ഹാജരാകണമെന്നാണു വ്യവസ്ഥ. എന്നാൽ കാലത്തിന് യോജിച്ച നിയമവ്യാഖ്യാനമാണ് വേണ്ടതെന്ന സിംഗിൾ ജഡ്‌ജിയുടെ നിലപാടിനോട് യോജിക്കുന്നതായി കോടതി പറഞ്ഞു. എന്നിരുന്നാലും ഈ വിഷയത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സംസാരിച്ചു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

Related Articles

Latest Articles