Friday, May 3, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ ഈ മാസം 22 നകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ചാണ് ഹര്‍ജി സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നടൻ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബ‍ർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നാണ് കുറ്റപത്രത്തിലുളളത്. വി ഐപി എന്ന് ബാലചന്ദ്രകുമാർ പറ‌‌ഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂ‍ർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്. ദിലീപിന്‍റെ വീട്ടിൽ ശരത് കൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായ സംവിധായകൻ ബാല ചന്ദ്രകുമാറിന്‍റെ നേർ‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവർ നടത്തുന്ന സംഭാഷണത്തിന്‍റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു.

Related Articles

Latest Articles