Monday, May 20, 2024
spot_img

ഹിജാബ് വിവാദം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു:കർണാടകയിലെ വിവിധ കോളജുകളിൽ ഹിജാബ് വിവാദത്തിൽ സംഘർഷം വ്യാപിച്ചതിനു പിന്നാലെ സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും മൂന്നു ദിവസം അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഹിജാബ് വിവാദത്തിൽ ഉഡുപ്പി സർക്കാർ പ്രീ–യൂണിവേഴ്സിറ്റി കോളജിലെ അഞ്ചു വിദ്യാർഥികൾ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി ബുധനാഴ്ചയും തുടരും.

ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അധ്യക്ഷനായ കർണാടക ഹൈക്കോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് വീണ്ടും വാദം കേൾക്കൽ തുടരും. കേസ് കോടതി പരിഗണിക്കുന്നതിനാൽ ഹിജാബ് വിഷയത്തിൽ പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു.

തുടർന്ന് മുതിർന്ന അഭിഭാഷകൻ ദേവ്ദത്ത് കാമത്താണ് വിദ്യാർഥികൾക്കായി ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ.നവദാഹി കർണാടക സർക്കാരിനു വേണ്ടി വാദങ്ങൾ അവതരിപ്പിച്ചു.

അതേസമയം ഉഡുപ്പി മഹാത്മാ ഗാന്ധി കോളജ് ക്യാംപസിൽ ഹിജാബ് വിഷയത്തിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായിരുന്നു. സംഘർഷ സാധ്യതയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ കല്ലേറുണ്ടായതോടെ പോലീസ് ആകാശത്തേക്കു വെടിവച്ചു.

Related Articles

Latest Articles