Thursday, May 16, 2024
spot_img

പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്നാരോപണം; മനീഷ് സിസോഡിയക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

ദില്ലി: കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടത്തിയെന്നാരോപിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്‌ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിസോഡിയയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മ 100 കോടിയുടെ മാനനഷ്ടക്കേസ് നേരത്തെ ഫയൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രത്യേക ക്രിമിനൽ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തത്.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ റിനികി ഭുയാൻ ശർമ്മ നടത്തുന്ന കമ്പനിക്കുള്ള പിപിഇ കിറ്റുകൾക്കായി അസം സർക്കാർ പർച്ചേസ് ഓർഡർ നൽകിയെന്ന് ജൂൺ 4 ന് മനീഷ് സിസോഡിയ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതേ ആരോപണങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ വാർത്ത പ്രചരണ പത്രത്തിൽ വന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് മനീഷ് സിസോഡിയ ഇത്തരത്തിൽ ആരോപണം നടത്തിയത്.

ഇടത് പക്ഷ മാധ്യമത്തിൽ വന്ന റിപ്പോർട്ട് പ്രകാരം അസമിലെ സർബാനന്ദ സോനോവാൾ സർക്കാരിൽ ഹിമന്ത ബിശ്വ ശർമ്മ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ റിനികി ഭൂയാൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് അടിയന്തിരമായി 5,000 പിപിഇ കിറ്റുകൾ വിതരണം ചെയ്യാനുള്ള അനുമതി നൽകി. അതും മുമ്പ് മെഡിക്കൽ ഉപകരണങ്ങളും സുരക്ഷാ ഗിയറുകളും ഉൽപ്പാദിപ്പിച്ച യാതൊരു പരിചയവും ഇല്ലാതിരുന്നിട്ടും.

തുടർന്ന് റിനികി ഭുയാൻ ശർമ്മ ആ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു, പിപിഇ കിറ്റുകൾ വിതരണത്തിനായി താൻ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും സി‌എസ്‌ആറിന് കീഴിലുള്ള ദേശീയ ആരോഗ്യ ദൗത്യത്തിന് പിപിഇ കിറ്റുകൾ സംഭാവന ചെയ്തിട്ടുണ്ടെന്നും അതിനായി പണമൊന്നും വാങ്ങിയിട്ടില്ലെന്നും അവർ പറഞ്ഞു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്ക് കീഴിൽ ഏകദേശം 1500 പിപിഇ കിറ്റുകൾ സംഭാവന ചെയ്തതിന് കമ്പനിക്ക് നന്ദി അറിയിച്ചുകൊണ്ട് അവർ എൻഎച്ച്എം അസമിൽ നിന്ന് ഒരു അംഗീകാര കത്തും ഹാജരാക്കിയിരുന്നു.

എന്നാൽ മനീഷ് സിസോഡിയ ഇതൊന്നും അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. 5000 പിപിഇ കിറ്റുകൾക്കായി കമ്പനിക്ക് ഓർഡർ നൽകിയെങ്കിലും പിന്നീട് അത് റദ്ദാക്കപ്പെട്ടു, അതായത് പണം നൽകിയിട്ടില്ലെന്ന് ഇടത് പക്ഷ മാധ്യമം തന്നെ പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ ആസാമിലെ ബി.ജെ.പി സർക്കാരിനെ ആക്രമിക്കാൻ ആ അവഗണിക്കാൻ സിസോഡിയ തീരുമാനിച്ചിരുന്നു.

എഎപി നേതാവിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശക്തമായി നിഷേധിച്ചു, ക്രിമിനൽ മാനനഷ്ടം നേരിടേണ്ടിവരുമെന്നും ഉടൻ കാണാമെന്ന് പറഞ്ഞിരുന്നു. 100 വർഷത്തിനിടയിലെ ഏറ്റവും മോശമായ പകർച്ചവ്യാധിയെ രാജ്യം മുഴുവൻ അഭിമുഖീകരിക്കുമ്പോൾ, അസമിൽ പിപിഇ കിറ്റുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ സമയം ജീവൻ രക്ഷിക്കാൻ ഭാര്യ 1500 കിറ്റുകൾ സൗജന്യമായി നൽകിയിരുന്നു.

തുടർന്ന് ഹിമന്ത ബിശ്വ ശർമ്മ മനീഷ് സിസോഡിയയ്‌ക്കെതിരെ ജൂൺ 30-ന് കാംരൂപ് റൂറലിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499, 500 (മാനനഷ്ടം), 501 (അപകീർത്തികരമായ കാര്യം പ്രസിദ്ധീകരിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സിസോദിയക്ക് തന്റെ ആരോപണം തെളിയിക്കാനായില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി കേസ് ഫയൽ ചെയ്ത അസമിലെ അഡ്വക്കേറ്റ് ജനറൽ ദേവജിത് ലോൺ സൈകിയ പറഞ്ഞു. മനീഷ് സിസോഡിയ തെറ്റായ പരാമർശങ്ങൾ നടത്തിയത് ശരിയല്ലെന്ന് അറിഞ്ഞുകൊണ്ടാണെന്ന് ഹർജിയിൽ പറയുന്നു. ജെസിബി ഇൻഡസ്ട്രീസ് ഒരു പർച്ചേസ് ഓർഡറിനും അപേക്ഷിച്ചിട്ടില്ലെന്നും സർക്കാരിൽ നിന്ന് പണമൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പിപിഇ കിറ്റുകൾ മാത്രമാണ് സംഭാവന ചെയ്തതെന്നും അതിനാൽ അസം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ മനീഷ് സിസോദിയ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles