Thursday, November 12, 2026

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല. അതിനാൽ തന്നെ ജനങ്ങളെ കേൾക്കാൻ പാർട്ടി തയാറാകണമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.

തുറന്ന മനസ്സോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണം. പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. പാർട്ടി മാറി ചിന്തിക്കേണ്ട കാലം എത്തിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായി പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പിനെ ബാധിച്ചോയെന്ന് പരിശോധിക്കണമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ ഭരണം നന്നാകില്ലെന്ന് സിപിഐ തുറന്നടിച്ചിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കൗൺസിലിൽ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തിരിച്ചടിയായതെന്നും കൗൺസിലിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

Related Articles

Latest Articles