Wednesday, May 15, 2024
spot_img

കോടതി അനുവദിച്ച പോലീസ് കസ്റ്റഡി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി; ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണ് കെ വിദ്യ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട് : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. അഗളി ഡിവൈഎസ്പി ഓഫിസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ വിദ്യയെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പോലീസ് വിദ്യയെ പിടികൂടുന്നത്. ഇന്നലെ വിദ്യയെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടിരുന്നു. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കണം.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു വിദ്യക്കെതിരായ കേസ് .ഈ മാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിരുന്നു. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ അവകാശപ്പെടുന്നത്. ഇവർ ഹാജരാക്കിയ ബയോഡേറ്റയിലും മഹാരാജാസിലെ പ്രവർത്തി പരിചയം അവകാശപ്പെട്ടിരുന്നു. ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റെന്ന് തെളിഞ്ഞത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുൻപ് പാലക്കാട്ടും കാസർഗോഡ് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട്. കരിന്തളം കോളജ് പ്രിൻസിപ്പലിന്റെ പരാതിയിലും വിദ്യയ്‌ക്കതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles