Monday, September 21, 2026

യുദ്ധക്കളത്തിലേക്ക് ഹൂതികളും ! ഇസ്രായേലിന് നേരെ യെമനിൽ നിന്ന് മിസൈൽ ആക്രമണം; ആഗോള കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരത്തെയും ബാധിക്കുമെന്ന് ആശങ്ക

ടെൽ അവീവ് : പശ്ചിമേഷ്യയിലെ യുദ്ധം പുതിയ തലത്തിലേക്ക്. ഇറാന്റെ സഖ്യകക്ഷിയായ യെമനിലെ ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ഇന്ന് പുലർച്ചെ യെമനിൽ നിന്ന് തൊടുത്ത മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ഐഡിഎഫ് സ്ഥിരീകരിച്ചു. ഇറാൻ-അമേരിക്ക യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ഹൂതികൾ ഔദ്യോഗികമായി സംഘർഷത്തിന്റെ ഭാഗമാകുന്നത്.

തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരെയുള്ള ആക്രമണം തുടർന്നാൽ യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന് വെള്ളിയാഴ്ച ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈൽ തൊടുത്തത്. ചെങ്കടൽ വഴിയുള്ള ശത്രുനീക്കങ്ങൾ അനുവദിക്കില്ലെന്നും തങ്ങളുടെ വിരലുകൾ തോക്കിന്റെ ട്രിഗറിലാണെന്നും ഹൂതി വക്താക്കൾ വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഇറാഖിലെ ഷിയാ ഗ്രൂപ്പുകൾക്കും പിന്നാലെ ഹൂതികൾ കൂടി രംഗത്തെത്തിയത് മേഖലയിൽ വലിയ യുദ്ധഭീതിയാണ് പടർത്തുന്നത്.

അതേസമയം, സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ ഉത്തരവിട്ടു. 82-ാം എയർബോൺ ഡിവിഷനിലെ പാരാട്രൂപ്പർമാരും മറീനുകളും ഉൾപ്പെടെ പതിനായിരത്തോളം സൈനികരെ മിഡിൽ ഈസ്റ്റിൽ വിന്യസിക്കാനാണ് നീക്കം. ഹൂതികളുടെ ഇടപെടൽ ആഗോള കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരത്തെയും ബാധിക്കുമെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.

Related Articles

Latest Articles