Tuesday, December 23, 2025

‘ഹൂതികൾ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടിട്ടില്ല’; ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരിൽ നിന്ന് സുരക്ഷിതമാക്കും; എംവി റുവാൻ തട്ടിയെടുത്ത 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ആന്റി പൈറസി നിയമപ്രകാരമുള്ള വിചാരണയ്‌ക്ക് വിധേയമാക്കുമെന്ന് നാവികസേനാ മേധാവി

ദില്ലി: ഇന്ത്യൻ മഹാസമുദ്രം കടൽക്കൊള്ളക്കാരിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഹൂതികൾ ഇന്ത്യൻ കപ്പലുകൾ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബംഗ്ലാദേശ് ചരക്കുക്കപ്പലായ എം.വി അബ്ദുള്ള സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തിരുന്നു. കടൽക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ള കപ്പൽ നാവികസേന നിരീക്ഷിച്ചു വരികയാണ്. കടൽക്കൊള്ള ഇല്ലാതാക്കുന്നതിന് വേണ്ടി സൊമാലിയൻ കടൽതീരത്തുള്ള കപ്പലുകളെയും നാവികസേന നീരിക്ഷിക്കുന്നുണ്ട്. സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി നാവികസേന ആന്റി പൈറസി, ആന്റി മിസൈൽ, ആന്റി ഡ്രോൺ ഓപ്പറേഷൻസ് നടത്തിയിരുന്നു. ‘ഓപ്പറേഷൻ സങ്കൽപ്പ്’ എന്ന പേരിൽ നടത്തിയ ഈ ഓപ്പറേഷന് കീഴിൽ 45 ഇന്ത്യക്കാരും 65 വിദേശ പൗരന്മാരും ഉൾപ്പെടെയുള്ള 110 പേരെ രക്ഷപ്പെടുത്തി എന്ന് അഡ്മിറൽ പറഞ്ഞു.

എംവി റുവാൻ തട്ടിയെടുത്ത 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ആന്റി പൈറസി നിയമപ്രകാരമുള്ള വിചാരണയ്‌ക്ക് വിധേയമാക്കും. ഈ നിയമം നാവികസേനയുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. കടൽക്കൊള്ളക്കാരുടെ വിചാരണയും ഈ നിയമത്തിന് കീഴിലായിരിക്കും നടക്കുക. കഴിഞ്ഞ 10 വർഷത്തിനിടെ സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ നാവികസേനയുടെ ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇത്. രാജ്യത്തെ എല്ലാ തീരദേശ പോലീസ് സ്‌റ്റേഷനുകൾക്കും ഇത്തരത്തിൽ കേസെടുക്കാനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles