Friday, May 17, 2024
spot_img

ആശ്വാസം! സംസ്ഥാനത്ത് 6 മാസമായി മുടങ്ങിക്കിടന്ന പ്രിന്റിംഗ് പുനരാരംഭിച്ചു; ലൈസൻസും ആർസി ബുക്കും തപാൽ മുഖേന വീട്ടിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മാർഗം ലൈസൻസുകൾ വീടുകളിലെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് മാസങ്ങൾക്ക് മുമ്പ് നിർത്തി വച്ചത്.

നിരവധി പേരാണ് ആർസി ബുക്കിനായി കാത്തിരിക്കുന്നത്. പ്രിന്റിംഗ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ലൈസൻസ് കിട്ടാത്തതിനെ തുടർന്ന് നിരവധി പേർ വാഹനം നിരത്തിലിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. മാസങ്ങൾക്ക് മുൻപ് ലൈസൻസിനായി പണമടച്ചിട്ടും ലഭിക്കാത്തവരുമുണ്ട്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല സ്ഥാപനത്തിലാണ് ലൈസൻസ് അച്ചടിക്കാനായി സർക്കാർ കരാർ നൽകിയിരിക്കുന്നത്. ഒമ്പത് കോടി രൂപയാണ് കരാറുകാരന് സർക്കാർ നൽകാനുള്ള കുടിശിക. പണം നൽകാതെ വന്നതോടെയാണ് കഴിഞ്ഞ ഒക്ടോബർ മുതൽ ലൈസൻസിന്റെയും ആർസിബുക്കിന്റെയും പ്രിന്റിംഗ് നിർത്തി വക്കുകയായിരുന്നു. കരാറുകാരന് കുടിശിക നൽകാൻ സർക്കാർ തീരുമാനമായതോടെയാണ് പ്രിന്റിംഗ് പുനരാരംഭിച്ചത്.

അതേസമയം, തപാൽ വകുപ്പിനും സർക്കാർ 7 കോടി രൂപ കുടിശിക നൽകാനുണ്ട്. ഇത് നൽകാൻ വൈകിയതിനാൽ അച്ചടിച്ച ലൈസൻസുകൾ അയയ്‌ക്കാൻ തപാൽ വകുപ്പും വിമുഖത പ്രകടിപ്പിക്കുമോയെന്ന് ആശങ്കയുണ്ട്. നിലവിലെ ലൈസൻസിന് പകരം സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ കൂടി നൽകണം. പുതിയ ലൈസൻസിന് 1,005 രൂപയാണ് നൽകേണ്ടത്. ഇതിൽ ലൈസൻസ് തപാലിൽ എത്തുന്നതിനുള്ള ചാർജായി 45 രൂപ കൂടി നൽകണം. ലൈസൻസും ആർസി ബുക്കും പോലൂം വിതരണം ചെയ്യാൻ കഴിയാത്തതിൽ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്.

Related Articles

Latest Articles