ജയ്‌പൂർ : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം ആലപിക്കുന്നതിൽ കോൺഗ്രസ് അനാദരവ് കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോർഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസിനെതിരെയും സോണിയാ ഗാന്ധിക്കെതിരെയും വിമർശനം ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ദേശീയ ഗീതത്തോട് ഇത്തരത്തിൽ പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്നത് നിർത്തുവാൻ സോണിയാ ഗാന്ധി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. വന്ദേമാതരം അപൂർണ്ണമായി അവസാനിപ്പിക്കാൻ എങ്ങനെ സാധിക്കും എന്ന് ചോദിച്ച അദ്ദേഹം, രാജ്യത്തെ 140 കോടി ജനങ്ങൾ ഈ പ്രവൃത്തി ഒരിക്കലും പൊറുക്കില്ലെന്നും കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ വന്ദേമാതരം പൂർണ്ണമായിട്ടാണ് ആലപിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഏറെ നേരം നിന്നു പ്രസംഗിച്ച പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ ഒരു കസേര ക്രമീകരിക്കാൻ ആവശ്യപ്പെടുകയാണ് സോണിയാ ഗാന്ധി ചെയ്തതെന്നും, ഗാനം ആലപിക്കുന്നത് തടയുകയല്ല ഉണ്ടായതെന്നും ജയറാം രമേശ് വിശദീകരിച്ചു.

