കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീർ അടിമുടി മാറും. ഇനിമുതൽ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെ പോലെ ആകും. ജമ്മു കശ്മീരിന് ഇനിമുതൽ പ്രത്യേക പതാക ഉണ്ടാകില്ല. ഇന്ത്യയുടെ ദേശീയഗാനം ഇനിമുതൽ ഒഴിവാക്കാനാകില്ല. പ്രത്യേക ഭരണഘടനയും ഉണ്ടാകില്ല. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഇനി കാശ്മീരിൽ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ ബാധകമാകും. നേരത്തെ ഇതിന് നിയമസഭയുടെ കൂടി അനുവാദം വേണമായിരുന്നു.
ജമ്മുവിനെയും കശ്മീര്‍ താഴ്വരയെയും ചേര്‍ത്ത് ഒരൊറ്റ കേന്ദ്രഭരണപ്രദേശമാക്കി മാറ്റും. ഈ മേഖലയ്ക്ക് നിയമസഭയും പരിമിത അധികാരമുള്ള സര്‍ക്കാരുമുണ്ടാകും. ക്രമസമാധാനപാലനമുള്പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരും. ഇപ്പോഴുള്ള ഗവർണർ പദവി ലഫ്നെന്റ് ഗവര്‍ണറാകും. ഇതുവരെ ആറ് വര്‍ഷം കാലാവധിയുണ്ടായിരുന്ന ജമ്മു കശ്മീർ നിയമസഭയ്ക്ക് ഇനി എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോലെ അഞ്ച് വർഷത്തെ കാലാവധിയേ കാണൂ. ലഡാക്ക് മേഖല നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമാകും. ഇവിടെ ഭരണം നിയന്ത്രിക്കുക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള അഡ്മിനിസ്ട്രേറ്ററാകും.
കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളായതോടെ കശ്മീരിന് പുറത്ത് നിന്നുള്ളവര്‍ക്കും ഇനി ഇവിടങ്ങളിൽ ഭൂമി വാങ്ങാനും താമസമാക്കാനും സാധിക്കും. പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് വിവരവകാശ നിയമവും ബാധകമാകും. മാറ്റങ്ങൾ വരുന്നതോടെ ഇവിടങ്ങളിൽ ഇനി സാമൂഹികമായും ജനസംഖ്യപരമായും മാറ്റങ്ങളുണ്ടാകും. കശ്മീർ ഇന്ത്യയോട് കൂടുതല്‍ ചേർന്നുനിൽക്കും . സാമ്പത്തികം, നിക്ഷേപം, വികസനം, വിനോദസഞ്ചാരം എന്നിവയ്ക്ക് ഇവിടങ്ങളിൽ കൂടുതല്‍ പരിഗണന ലഭിക്കും. വിഘടനവാദവും ഭീകരവാദവും ഫലപ്രദമായി ചെറുക്കാനാകും. ഇതോടൊപ്പം കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായുള്ള ഇടപെടലില്‍ ഇന്ത്യക്ക് മുൻപെങ്ങുമില്ലാത്ത മേൽകയ്യും കൈവരും.

