Sunday, May 19, 2024
spot_img

നിയമലംഘനങ്ങൾ എത്രനാൾ നോക്കിനിൽക്കും?? എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ല? ഇനി ഒരു ജീവനും നഷ്ടമാവരുത്; ഡിസിപിയോട് ഹൈക്കോടതി

കൊച്ചി : മാധവ ഫാർമസി ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിൽ അമിതവേഗതയിൽ മുന്നോട്ടെടുത്ത സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികൻ ദാരുണമായി മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കോടതി നിർദേശപ്രകാരംനേരിട്ട് ഹാജരായ ഡിസിപി കനത്ത ഭാഷയിലാണ് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംഭവം ഞെട്ടിക്കുന്നതാണെന്നു വ്യക്തമാക്കി. ഇനി ഒരു ജീവനും ഇത്തരത്തില്‍ നഷ്ടപ്പെടരുത് എന്ന കർശന നിർദേശം നൽകി. എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിസിപിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

നിയമലംഘനങ്ങൾ എത്രനാൾ ഇങ്ങനെ നോക്കിനിൽക്കുമെന്നു ആരാഞ്ഞ കോടതി, ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും രൂക്ഷമായ ഭാഷയിൽ ചോദിച്ചു.എന്നാൽ നടപടി സ്വീകരിച്ചാൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്നു ഡിസിപി കോടതിയെ അറിയിച്ചു.

അപകടകരമായ ഡ്രൈവിങ്ങിനു അറുതി വരുത്താൻ സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുവാൻ ട്രാഫിക് ഉദ്യോഗസ്ഥർക്കു കോടതിയുടെ പൂർണ പിന്തുണയുണ്ടാകും. വരുന്ന 23നു വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ഇന്നു രാവിലെ 8.15 നാണു മാധവ ഫാർമസി ജംഗ്ഷനിൽ ട്രാഫിക് സിഗ്നലിൽ അമിതവേഗതയിൽ മുന്നോട്ടെടുത്ത സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികൻ വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണി (46) ദാരുണമായി മരിച്ചത്.

Related Articles

Latest Articles