Friday, September 18, 2026

മലപ്പുറത്തെ വൻ സ്ഫോടകശേഖരത്തിന് പിന്നിൽ വൻ ഗൂഢാലോചനയോ? മാഘമഹോത്സവം ലക്ഷ്യമിട്ടെന്ന സംശയത്തിൽ എൻഐഎ അന്വേഷണം89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളും: കേസിൽ ഇതുവരെ 10 പേർ അറസ്റ്റിൽ, പ്രധാന സൂത്രധാരനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: മലപ്പുറം തിരൂരങ്ങാടിയിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന സംശയം ശക്തമാകുന്നു. തിരുനാവായയിൽ നടന്ന മാഘമഹോത്സവം ലക്ഷ്യമിട്ടാണ് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനെന്ന് അന്വേഷണ ഏജൻസി സംശയിക്കുന്ന ഹാരിസ് ടി.എ.യെ കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്.

ഇതുവരെ കേസുമായി ബന്ധപ്പെട്ട് 10 പേരാണ് എൻഐഎയുടെ പിടിയിലായിട്ടുള്ളത്. 2026 ഫെബ്രുവരി ഏഴിനാണ് മലപ്പുറം ചെമ്മാട്–തളപ്പാറ റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. മാഘമഹോത്സവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് എന്നതും അന്വേഷണത്തിൽ നിർണായകമായി മാറിയിട്ടുണ്ട്.

ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടകവസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. 448 ബോക്സുകളിലായി 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറിയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ആവശ്യമായ ലൈസൻസോ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ഇവ കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ക്വാറി ആവശ്യത്തിനായാണ് ഇവ കൊണ്ടുവന്നതെന്നായിരുന്നു ആദ്യഘട്ടത്തിലെ വിശദീകരണം. എന്നാൽ ഇത്രയും വലിയ തോതിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി എത്തിച്ചതിന് പിന്നിലെ യഥാർഥ ലക്ഷ്യം എന്താണെന്നാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുത്തത്. കേസിന് പിന്നിൽ കർണാടക കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയുണ്ടെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിൽ നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടകവസ്തുക്കളുടെ ഉറവിടം, വിതരണശൃംഖല, ഇവ എത്തിച്ചതിന്റെ യഥാർഥ ലക്ഷ്യം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് മാഘമഹോത്സവത്തെ ലക്ഷ്യമിട്ടിരുന്നോ എന്ന സംശയവും അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുന്നത്. ഈ സംശയത്തിന് അന്വേഷണത്തിൽ സ്ഥിരീകരണമുണ്ടാകുമോ എന്നതാണ് ഇനി നിർണായകം.

Related Articles

Latest Articles