Monday, April 29, 2024
spot_img

ആചാരപ്പെരുമയുടെ താളത്തിൽ എരുമേലി പേട്ടതുള്ളൽ നടന്നു !ശരണം വിളികളുമായി തിങ്ങിക്കൂടി ഭക്ത സഞ്ചയം ; ശബരിമല മകരവിളക്കിന് ഔദ്യോഗിക കാഹളം മുഴങ്ങുന്നു

ശബരിമല മകരവിളക്കിന് മുന്നോടിയായി ഭക്തി സാന്ദ്രമായ എരുമേലി പേട്ട തുള്ളൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിൻറെ പേട്ട തുള്ളലാണ് നടന്നത്. ഉച്ചയ്ക്കുശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളൽ നടക്കുകയാണ്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. ആകാശത്ത് കൃഷ്ണപ്പരുന്ത്‌ വട്ടമിട്ട് പറന്നതോടെ ആരംഭിച്ച അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ തുടസമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു.

അമ്പലപ്പുഴ ദേശവുമായി ബന്ധപ്പെട്ട ഏഴു കരകളിൽ നിന്നായി 300 -ഓളം സ്വാമിമാരാണ് പേട്ട തുള്ളിയത്. ഉച്ചയ്‌ക്ക് 3 മണിയോടെ പിതൃസ്ഥാനീയരായ എ കെ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ തുടക്കമായി. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരു പോയെന്ന വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയിൽ കയറാതെ വണങ്ങിയാണ് പോകുക. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 6.30-ന് ആലങ്ങാട് സംഘത്തിന്റെ പേട്ട ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് സമാപിക്കും.

അതെ സമയം, മകരവിളക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡണ്ട്,സന്നിധാനം സ്പെഷ്യൽ ഓഫീസർ,ശബരിമല എഡിഎം തുടങ്ങിയവർ പങ്കെടുക്കും.

ദേവസ്വം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ഇന്നലെ വിലയിരുത്തിയിരുന്നു. മകര ജ്യോതി ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും.

മകരവിളക്കിനായി നട തുറന്ന ശേഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു. മകരവിളക്കിനായി നട തുറന്നശേഷം ഏറ്റവും കുറവ് തീർത്ഥാടകർ എത്തിയത് ഇന്നലെയാണ്. സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയതും എരുമേലി പേട്ട തുള്ളലിന്റെ തലേദിവസം ആയതും തിരക്ക് കുറയാൻ കാരണമായി കരുതുന്നത്.

Related Articles

Latest Articles