Sunday, October 11, 2026

മണിപ്പൂരിൽ വൻ ലഹരിവേട്ട!130 കോടിയുടെ ക്രിസ്റ്റൽ മെത്ത് പിടികൂടി; ഇൻഡോ-മ്യാൻമർ അതിർത്തിയിൽ കർശന സുരക്ഷ

തെങ്‌നൗപാൽ : മണിപ്പൂരിലെ തെങ്‌നൗപാൽ ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടികൂടി. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 130 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം. വിവിധ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഏകദേശം 13.4 കിലോഗ്രാം തൂക്കം വരുന്ന ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. അതിർത്തി നഗരമായ മോറെയിൽ വൻതോതിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് തെങ്‌നൗപാൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.

തെങ്‌നൗപാൽ ജില്ലാ പോലീസ്, അസം റൈഫിൾസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), മോറെ പോലീസ് ടീം എന്നിവർ സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയത്. മോറെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചവാങ്‌ഫായിലെ ഒരു വീട്ടിൽ നടത്തിയ അതീവ രഹസ്യമായ തിരച്ചിലിനൊടുവിലാണ് ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ഇവിടെ നിന്നും മയക്കുമരുന്ന് ഇടപാടിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന രണ്ട് ലക്ഷം രൂപയും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയകൾക്ക് ഇൻഡോ-മ്യാൻമർ അതിർത്തിയിലൂടെയുള്ള വിതരണ ശൃംഖലയ്ക്ക് ഏറ്റ കനത്ത പ്രഹരമായാണ് ഈ ലഹരിവേട്ടയെ അധികൃതർ കാണുന്നത്.

അത്യന്തം അപകടകരമായ രാസലഹരിമരുന്നുകൾ അതിർത്തി കടന്നെത്തുന്നത് തടയാൻ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കിയതായി സംസ്ഥാന സർക്കാർ വക്താക്കൾ അറിയിച്ചു. മോറെ കേന്ദ്രീകരിച്ച് നടക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് ഇടപാടുകൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികൾ തുടരുമെന്നും സുരക്ഷാസേന വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles