ദില്ലി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിന്റെ തലവനായി സേവനമനുഷ്ഠിച്ച വ്യക്തി എന്ന ചരിത്രനേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ 8,930 ദിവസങ്ങൾ എന്ന റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ചേർന്ന് എണ്ണായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് (8,931) ദിവസങ്ങൾ പൂർത്തിയാക്കിയതോടെയാണ് ഈ അപൂർവ്വ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.
ഭരണത്തലവൻ എന്ന നിലയിലുള്ള തന്റെ ദീർഘകാല യാത്രയെക്കുറിച്ച് സംസാരിക്കവേ, ജനസേവനത്തിനായി ലഭിച്ച ഓരോ നിമിഷവും രാജ്യത്തിന്റെ പുരോഗതിക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2001-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ സംസ്ഥാനം നേരിട്ടിരുന്ന കടുത്ത വെല്ലുവിളികളെ അദ്ദേഹം അനുസ്മരിച്ചു. വിനാശകരമായ ഭൂകമ്പം, ചുഴലിക്കാറ്റ്, തുടർച്ചയായ വരൾച്ച എന്നിവയ്‌ക്കിടയിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ പുനർനിർമ്മിക്കാനുള്ള നിശ്ചയദാർഢ്യം അന്നത്തെ പ്രതിസന്ധികളാണ് നൽകിയത്. പാവപ്പെട്ടവർക്കായി പ്രവർത്തിക്കണമെന്നും അഴിമതിക്ക് വഴങ്ങരുതെന്നുമുള്ള മാതാവിന്റെ ഉപദേശമാണ് തന്റെ പൊതുജീവിതത്തിലെ വഴികാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി, 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് തവണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചത് തന്റെ സർക്കാരിന്റെ വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാരീശക്തി, യുവശക്തി, കർഷകർ എന്നിവരുടെ ശാക്തീകരണത്തിലൂടെ ഇന്ത്യയെ ഒരു ‘വികസിത ഭാരതം’ ആക്കി മാറ്റാനുള്ള ദൗത്യം ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ തിളക്കമുള്ള ഇടമായി ഇന്ത്യ മാറിയത് ജനങ്ങൾ നൽകിയ ഉറച്ച പിന്തുണയുടെ ഫലമാണെന്നും അദ്ദേഹം നന്ദിപൂർവ്വം സ്മരിച്ചു.

