തൃശൂർ: തൃശൂർ പൂരം ലക്ഷ്യമിട്ട് നഗരത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിശേഖരം എക്സൈസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ രണ്ടര കോടി രൂപയോളം വിലമതിക്കുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും ഇരുന്നൂറ് ഗ്രാം കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. കുന്നംകുളം കൊട്ടോൽ സ്വദേശി പൊന്നനേംകാട് വീട്ടിൽ ഹബീബിനെയാണ് തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
പാൽ വിതരണം ചെയ്യുന്ന വാഹനത്തിലാണ് പ്രതി ലഹരിമരുന്ന് കടത്തിയിരുന്നത് എന്നത് ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചു. ആർക്കും സംശയം തോന്നാത്ത രീതിയിൽ പാൽ വണ്ടിയിൽ ഒളിപ്പിച്ചാണ് ഇയാൾ ഹാഷിഷ് ഓയിൽ വിവിധ ഇടങ്ങളിൽ എത്തിച്ചിരുന്നത്. തൃശൂർ പൂരം പ്രമാണിച്ച് നഗരത്തിൽ പരിശോധന ശക്തമാക്കിയ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഹബീബിനെ പിന്തുടർന്ന് പിടികൂടിയത്.
സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു പ്രതിയുടെ പ്രധാന വിൽപ്പന. ‘പൂത്തിരി’ എന്ന പ്രത്യേക കോഡ് ഭാഷയാണ് ലഹരി കൈമാറ്റത്തിനായി ഇയാൾ ഉപയോഗിച്ചിരുന്നത്. മയക്കുമരുന്ന് സ്റ്റോക്ക് എത്തിയാൽ ഉടൻ തന്നെ രഹസ്യ ഗ്രൂപ്പുകളിൽ ‘പൂത്തിരി ഓണായിട്ടുണ്ട്’ എന്ന സന്ദേശം അയക്കും. ഈ കോഡ് ലഭിക്കുന്നതോടെ ആവശ്യക്കാർ ഓർഡർ നൽകുകയും പാൽ വണ്ടിയിൽ ഇവ എത്തിച്ചു നൽകുകയുമാണ് ചെയ്തിരുന്നത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് എക്സൈസ് പരിശോധിച്ചു വരികയാണ്. ഇത്രയധികം ഹാഷിഷ് ഓയിൽ എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ വൻകിട ലഹരി മാഫിയകൾ ഉണ്ടോ എന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. പൂരക്കാലമായതിനാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

