Tuesday, September 22, 2026

അമേരിക്കയിൽ നിന്ന് 47000 ടൺ എൽപിജിയുമായി കൂറ്റൻ ടാങ്കർ മംഗളൂരു തുറമുഖത്ത് ! പാചകവാതക ക്ഷാമത്തിന് അറുതി വരുത്താൻ ദ്രുതഗതിയിലുള്ള നടപടികളുമായി കേന്ദ്രസർക്കാർ

മംഗലാപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏഷ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയിലെ പാചകവാതക ക്ഷാമത്തിന് പരിഹാരമായി മംഗലാപുരം തുറമുഖത്തേക്ക് വൻതോതിൽ എൽപിജി ശേഖരം എത്തിത്തുടങ്ങി. അമേരിക്കയിലെ ടെക്സസിൽ നിന്നും സിംഗപ്പൂർ ചരക്കുകപ്പലായ ‘പിക്സിസ് പയനിയർ’ 47000 ടൺ പാചകവാതകവുമായി തുറമുഖത്തെത്തി.

വരുന്ന ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 72,700 ടൺ എൽപിജി കൂടി മംഗലാപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 25-ന് ഗുജറാത്തിലെ വാഡിനാർ തുറമുഖത്തുനിന്നും എത്തുന്ന ‘അപ്പോളോ ഓഷ്യൻ’ എന്ന കപ്പൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനുമായി 26,687 ടൺ ഗ്യാസ് എത്തിക്കും. ഇതിനു പുറമെ മാർച്ച് 29-ഓടെ അമേരിക്കയിൽ നിന്നും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് വേണ്ടിയുള്ള 30,000 ടൺ എൽപിജി ശേഖരവും തുറമുഖത്തെത്തും.

പുതിയ കപ്പലുകളുടെ വരവോടെ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള പൈപ്പ് ലൈൻ വിതരണവും പ്രാദേശിക ബോട്ട്ലിങ് പ്ലാന്റുകളിലെ പ്രവർത്തനവും വേഗത്തിലാകും. ആഗോള വിപണിയിലെ തടസ്സങ്ങൾ കാരണം ഇന്ത്യയിൽ അനുഭവപ്പെട്ടിരുന്ന പാചകവാതക ക്ഷാമത്തിന് ഇതോടെ ഗണ്യമായ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles