Saturday, September 19, 2026

മനുഷ്യബോംബ് ഭീഷണി ! നെടുമ്പാശേരിയിൽ വിമാനം വൈകിയത് അരമണിക്കൂറിലേറെ ! യാത്രക്കാരൻ കസ്റ്റഡിയിൽ

കൊച്ചി : മനുഷ്യബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം അരമണിക്കൂറിലേറെ വൈകി. വൈകുന്നേരം 3.50 ന് നെടുമ്പാശേരിയിൽ നിന്ന് മുബൈയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്താവളത്തിൽ മനുഷ്യബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഐഎസ്എഫ് പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനെയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് സമൂഹ മാദ്ധ്യമത്തിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

അതേസമയം വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്നും ഭീഷണികളെ കുറിച്ച് ഗൗരവപരമായി പരിശോധിക്കുകയാണെന്നും വ്യാജ ഭീഷണിയെങ്കിലും സുരക്ഷാ പരിശോധന കർശനമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles