Sunday, May 19, 2024
spot_img

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ് സിബിഐ ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തത്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികളുമായി സിബിഐ സംഘം ദില്ലിയിലേക്ക് മടങ്ങി. കേസില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.

യുക്രെയ്‌ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിനായി പോരാടാൻ മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്‍റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായ പ്രിയനും അരുണും. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുകൂടിയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയതും പ്രിയൻ ആണ്. റഷ്യയിലേക്ക് പോകുന്നതിനായി ആറ് ലക്ഷത്തോളം രൂപയാണ് ഇയാൾ കൈപ്പറ്റിയത്. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളെ റഷ്യയിലെത്തിച്ചിരുന്നത്.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിൽ കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സമൂഹ മാദ്ധ്യമത്തിൽ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് യുവാക്കൾ ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നീട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Related Articles

Latest Articles