Friday, September 25, 2026

മനുഷ്യക്കടത്ത് കേസിൽ കുളത്തൂപ്പുഴ സ്വദേശിനി പിടിയിൽ

കന്യാകുമാരി: തമിഴ്‌നാട്ടിൽ നിന്നുള്ള ശ്രീലങ്കൻ അഭയാർത്ഥികളെ കാനഡയിലേക്ക് കടത്തിയ സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി അറസ്റ്റിൽ. ഈശ്വരി എന്ന ശ്രീലങ്കന്‍ യുവതിയെയാണ് കുളത്തൂപ്പുഴയില്‍ നിന്നും തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം നീണ്ടകരയില്‍ നിന്നും ഈശ്വരിയുടെ പേരിൽ വാങ്ങിയ ബോട്ടിലാണ് എൺപതംഗസംഘം കാനഡയിലേക്ക് കടന്നതെന്ന് ക്യു ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. മാത്രമല്ല ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ തമിഴ്നാട്ടില്‍ നിന്നും വിദേശരാജ്യങ്ങളില്‍ രേഖകള്‍ ഇല്ലാതെ എത്തിക്കുന്ന മനുഷ്യകടത്ത് സംഘത്തിലെ പ്രധാനി കരുണാനിധിയുടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി.

അതേസമയം ഇവര്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കുളത്തൂപ്പുഴ പ്ലാന്‍റേഷനിലെ തൊഴിലാളിയാണ്. കരുണാനിധിയുടെ നിര്‍ദ്ദേശ പ്രകാരം നീണ്ടകരയില്‍ നിന്നും ഈശ്വരി വാങ്ങിയ മത്സ്യ ബന്ധന ബോട്ട്
50 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിന് രൂപമാറ്റം വരുത്തിയെന്നും ഡീസൽ ടാങ്കിന്റെ വലിപ്പം വർദ്ധിപ്പിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി.

നിലവിൽ ഗൂഡാലോചന, മനുഷ്യകടത്ത്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമങ്ങളുടെ ലംഘനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈശ്വരി ഇപ്പോള്‍ കന്യാകുമാരിയിലെ ജയിലിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട ക്യു ബ്രാഞ്ച് ഈശ്വരിയെ ചോദ്യം ചെയ്തിരുന്നു. നിരപരാധിയാണെന്നാണ് അന്ന് ഈശ്വരി നൽകിയ മൊഴി. ആഗസ്റ്റിലാണ് ഈശ്വരി നീണ്ടകരയില്‍ നിന്നും അന്‍പത് ലക്ഷം രൂപക്ക് ബോട്ട് വാങ്ങിയത്. ബോട്ട് തിരുനല്‍വേലിയില്‍, എത്തിച്ചശേഷം സെപ്തംബറില്‍ അന്‍പത് പേരുമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ യാത്രാമദ്ധ്യേ ബ്രട്ടീഷ് നാവികസേന പിടികൂടി ജയിലിലാക്കിയെന്നാണ് സൂചന. കേസ്സില്‍ ഏഴാം പ്രതിയാണ് ഈശ്വരി.

Related Articles

Latest Articles