സൂറത്ത് : ഡയറ്റീഷ്യനായ ഭാര്യയെ കൊന്ന് മൃതദേഹം സിമന്റ് പെട്ടിയിലാക്കി ഒളിപ്പിച്ച ഭർത്താവ് പിടിയിൽ. ഗുജറാത്തിലെ ഗോദാരയിലാണ് സംഭവം. ശിൽപ സൽവി എന്ന 39 വയസ്സുകാരിയായ ഡയറ്റീഷ്യനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് വിശാൽ സൽവിയാണ് ആദ്യം ഗോദാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഭാര്യയെ നാല് ദിവസം മുമ്പ് മുതൽ കാണാനില്ലെന്ന് കാണിച്ച് പോലീസിനെ കബളിപ്പിച്ച വിശാൽ, എന്നാൽ രണ്ട് ദിവസത്തിന് ശേഷം അപ്രത്യക്ഷനാവുകയും ഒരു കുറ്റസമ്മതക്കുറിപ്പ് ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ കുറിപ്പിലെ വിവരങ്ങളിൽ നിന്ന് പോലീസ്, സൂറത്തിലെ സലാബത്പുര പ്രദേശത്തെ ഒരു പഴയ വീട്ടിൽ നിന്ന് സിമന്റും ഫോമും ഉപയോഗിച്ച് മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വിശാലിനെ പോലീസ് പിന്നീട് നഗരത്തിന് പുറത്തുള്ള ഒരു ഗ്രാമപ്രദേശത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
വിവാഹജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2010-ലായിരുന്നു ശിൽപയും വിശാലും തമ്മിലുള്ള വിവാഹം. ഇവർക്ക് പതിമൂന്നും എട്ടും വയസ്സുമുള്ള രണ്ട് ആൺമക്കളുണ്ട്. പോഷകാഹാര വിദഗ്ധയായ ശിൽപ സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ ഡയറ്റീഷ്യനായി ജോലി ചെയ്തിരുന്നു. അടുത്തിടെ അവർ സ്വന്തമായി ഒരു ക്ലിനിക്കും തുറന്നിരുന്നു. എന്നാൽ വിശാൽ ഡയമണ്ട് പോളിഷിംഗ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിൽരഹിതനായിരുന്നു. ഇവർ തമ്മിൽ സ്ഥിരമായി വഴക്കുകൾ നടക്കാറുണ്ടായിരുന്നെന്നും, ശിൽപയുടെ ഫോൺ പരിശോധിക്കാൻ വിശാൽ അനുവദിക്കാത്തതിനെച്ചൊല്ലി ശിൽപയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് വിശാൽ സംശയിച്ചിരുന്നതായും പോലീസ് പറയുന്നു.
വിശാൽ അപ്രത്യക്ഷനായതിന് ശേഷം, മകൻ വീട്ടിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തുകയും അത് പോലീസിന് കൈമാറുകയുമായിരുന്നു. താൻ ഒരു കുറ്റം ചെയ്തെന്നും തന്റെ ഭാര്യയുടെ മൃതദേഹം സലാബത്പുരയിലെ തങ്ങളുടെ തറവാട് വീട്ടിലുണ്ടെന്നും ആ കുറിപ്പിൽ വിശാൽ സമ്മതിക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ നാളുകൾ സന്തോഷകരമായിരുന്നെങ്കിലും, മൂന്ന് വർഷത്തിന് ശേഷം ശിൽപയുടെ പെരുമാറ്റത്തിൽ മാറ്റം വന്നെന്നും അത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും കുറിപ്പിൽ പറയുന്നു. താൻ നിരാശയിൽ അങ്ങനെയൊരു കുറ്റം ചെയ്യാൻ നിർബന്ധിതനായെന്നും അതിന് ഉത്തരവാദി താൻ മാത്രമാണെന്നും ആരും ഇതിൽ പങ്കാളികളല്ലെന്നും കുറിപ്പിൽ വിശാൽ വ്യക്തമാക്കിയിരുന്നു. കുറ്റം ചെയ്ത ശേഷം തെളിവുകൾ നശിപ്പിക്കാനായി വളരെ ആസൂത്രിതമായ രീതിയിലാണ് ഇയാൾ പ്രവർത്തിച്ചത്. ‘ലക്ടി വാലെ ബിൽഡിംഗിന്’ സമീപമുള്ള പഴയ വീട്ടിൽ ഒരു തടിപ്പെട്ടിക്കുള്ളിൽ മൃതദേഹം വെച്ച് സിമന്റും ഫോമും ഉപയോഗിച്ച് മൂടിവെക്കുകയായിരുന്നു. ഇത് മൃതദേഹം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം പുറത്തുവരാതിരിക്കാൻ വേണ്ടിയാണെന്ന് പോലീസ് പറയുന്നു.
കുറിപ്പ് ലഭിച്ചതിന് ശേഷം പോലീസ് സലാബത്പുരയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വീടിന്റെ ഒന്നാം നിലയിൽ സിമന്റ് പൂശിയ നിലയിലുള്ള ഒരു തടിപ്പെട്ടി പോലീസ് പൊളിച്ച് പരിശോധിച്ചപ്പോൾ അതിനുള്ളിൽ അഴുകിയ നിലയിൽ ശിൽപയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് മുതൽ അഞ്ച് ദിവസം വരെ പഴക്കമുണ്ടെന്ന് പ്രാഥമിക വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ശിൽപയുടെ പിതാവ് പ്രദീപ് കോസ്റ്റയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിശാലിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.

