Saturday, October 24, 2026

ഹൈദരാബാദ് നൈസാമിന്‍റെ സ്വത്ത് കേസില്‍ പാകിസ്ഥാൻ തോറ്റു; ലണ്ടന്‍ ബാങ്കിലെ 35 മില്ല്യണ്‍ പൗണ്ട്‍ തിരികെ ഇന്ത്യയിലേക്ക്

ലണ്ടൻ: ഹൈദരാബാദ് നൈസാമിന്‍റെ സ്വത്തിനെ ചൊല്ലിയുള്ള വർഷങ്ങൾ നീണ്ട തർക്കത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകി ലണ്ടൻ കോടതി. കേസിൽ പാകിസ്ഥാന്റെ വാദങ്ങൾ തള്ളിയ കോടതി ഇന്ത്യക്കും നൈസാമിന്‍റെ പിന്തുടര്‍ച്ചാവകാശികള്‍ക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചു.1947ൽ ഇന്ത്യാ വിഭജനകാലത്ത് ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം. നൈസാമിന്റെ പിന്തുടർച്ചക്കാരനായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യൻ സർക്കാരിനോടൊപ്പം ചേർന്ന് നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോൾ ഫലം കണ്ടത്. നിക്ഷേപത്തിന് മുഖറം ജായാണ് അര്‍ഹനെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 70 വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമായി.

1948ൽ നൈസാം പുതുതായി രൂപംകൊണ്ട പാകിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മീഷ്ണറുടെ അക്കൗണ്ടിലേക്ക് 10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് നിക്ഷേപിച്ചു. അന്നത്തെ നിക്ഷേപം ഇപ്പോൾ 3.5 കോടി പൗണ്ടായി വളർന്നു. ഈ പണം തങ്ങളുടേതാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. വിഭജനകാലത്ത് പാകിസ്ഥാന്റെയോ ഇന്ത്യയുടേയോ ഭാഗത്ത് ചേരാൻ ഹൈദരാബാദ് നൈസാമായിരുന്ന മിർ ഒസ്മാൻ അലി ഖാൻ തയ്യാറായിരുന്നില്ല. ഈ സമയത്താണ് പണം സൂക്ഷിക്കുന്നതിനായി പാകിസ്ഥാൻ ഹൈക്കമ്മീഷ്ണർ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധത്തിന്റെ തുകയാണിതെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പാകിസ്ഥാന്റെ വാദം കോടതി തള്ളി.

2013ല്‍ നിക്ഷേപത്തില്‍ പാകിസ്ഥാന്‍ അവകാശം ഉന്നയിച്ചതോടെ നൈസാമിന്‍റെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഇന്ത്യ പിന്തുണ നല്‍കി. കേസ് ആരംഭിക്കുമ്പോള്‍ മുഖറം ജാ കുട്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ 80ാം വയസ്സില്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഹൈദരാബാദ് നൈസാമിന്‍റെ ഏഴാമത്തെ പേരമകനാണ് മുഖറം ജാ. അദ്ദേഹം ഇപ്പോള്‍ തുര്‍ക്കിയിലാണ് താമസിക്കുന്നത്. 1980 വരെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായിരുന്നു മുഖറം ജാ. എന്നാല്‍, മൂന്നാം ഭാര്യയുമായുള്ള വിവാഹ മോചനക്കേസില്‍ സ്വത്ത് വീതിക്കപ്പെട്ടതോടെ അദ്ദേഹത്തിന് പദവി നഷ്ടപ്പെട്ടു. പിന്നീട് തുര്‍ക്കിയില്‍ സ്ഥിര താമസമായി.

Related Articles

Latest Articles