Tuesday, November 3, 2026

ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ ഇനിയും കൊല്ലും!!; വേണമെങ്കിൽ തൂക്കിക്കൊന്നോളൂ ! ജഡ്ജിയ്ക്ക് മുന്നിലും യാതൊരു കൂസലുമില്ലാതെ ചെന്താമര ! വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രൊസിക്യൂഷൻ

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമര
ജഡ്ജിയ്ക്ക് മുന്നിൽ നിന്നത് യാതൊരു കൂസലുമില്ലാതെ. ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിടും കാണിച്ചു കൊടുക്കാൻ താൻ ഗാന്ധിജിയല്ലെന്നും വേണ്ടി വന്നാൽ ഇനിയും മറ്റുള്ളവരെ കൊലപ്പെടുത്തുമെന്നുമാണ് ചെന്താമര പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ വിളിച്ചുപറഞ്ഞത്. ജഡ്ജിക്ക് നേരെ തിരിഞ്ഞ് എഴുതാൻ പറ്റുന്നത് എഴുതിക്കോ എന്ന് ആക്രോശിച്ച പ്രതി, എനിക്ക് തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റമെന്നും ഇത്തരം അവസ്ഥ നിങ്ങൾക്കും വരണമെന്നും ഭീഷണി മുഴക്കി.

കുറ്റകൃത്യത്തിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ സ്വാഭാവിക ചോദ്യത്തിന്, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു ഗൗരവത്തോടെയുള്ള ചെന്താമരയുടെ മറുപടി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ് 103 (1), 126 (2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നത്. മുൻപ് കൊലപ്പെടുത്തിയ സ്ത്രീയുടെ ഭർത്താവിനെയും പ്രായമായ അമ്മയെയും ജാമ്യത്തിലിറങ്ങി വീണ്ടും ആസൂത്രിതമായി കൊലപ്പെടുത്തിയ പ്രതി സമൂഹത്തിന് കടുത്ത ഭീഷണിയാണെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കിയ പ്രൊസിക്യൂഷൻ, പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു.

നെന്മാറ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി ഒന്നര വർഷം തികയുമ്പോഴാണ് ഈ കേസിൽ വിധി വരുന്നത്. 2025 ജനുവരി 27-നായിരുന്നു കേരളത്തെ പിടിച്ചുലച്ച കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം മലയിടുക്കുകളിൽ ഒളിച്ച പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് കാട്ടിൽ നിന്ന് പിടികൂടിയത്. തുടർന്ന് ശാസ്ത്രീയമായ തെളിവുകളുടെയും ഫോറൻസിക് പരിശോധനകളുടെയും അടിസ്ഥാനത്തിൽ 480 പേജുള്ള ശക്തമായ കുറ്റപത്രമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഉൾപ്പെട്ട 132 സാക്ഷികളിൽ നാല് പേർ കൂറുമാറിയെങ്കിലും പ്രതിയുടെ കൊടുംക്രൂരതയും വെല്ലുവിളികളും അക്കമിട്ട് നിരത്താൻ പ്രൊസിക്യൂഷന് കഴിഞ്ഞതോടെയാണ് വധശിക്ഷയിലേക്ക് നയിക്കാവുന്ന വിധിയിലേക്ക് മറ്റന്നാൾ കോടതി കടക്കുന്നത്.

Related Articles

Latest Articles