Monday, September 21, 2026

ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ എനിക്ക് ക്ഷണം ലഭിച്ചു ! പക്ഷേ ഞാനത് നിരസിച്ചു ! വിചിത്ര അവകാശവാദവുമായി ട്രമ്പ്

ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ തനിക്ക് ക്ഷണം ലഭിച്ചുവെന്ന വിചിത്ര അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. വാഷിംഗ്ടണിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് വിചിത്രമായ അവകാശവാദം ട്രമ്പ് ഉന്നയിച്ചത്. ഇറാൻ ഭരണകൂടം തന്നോട് ഇത്തരമൊരു ആവശ്യം ഉന്നയിച്ചെന്നും എന്നാൽ “വേണ്ട, നന്ദി” എന്ന് പറഞ്ഞ് താൻ ആ വാഗ്ദാനം തള്ളിക്കളഞ്ഞെന്നും ട്രമ്പ് പരിഹാസരൂപേണ പറഞ്ഞു. എന്നാൽ ട്രമ്പിന്റെ ഈ പ്രസ്താവനയോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി രണ്ടിന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനൈയി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമനൈയി പുതിയ നേതാവായി നിയമിച്ചെങ്കിലും യുദ്ധത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന ട്രമ്പിന്റെ പരാമർശം പുറത്തുവരുന്നത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയത്തോടടുക്കുകയാണെന്നും എട്ട് യുദ്ധങ്ങൾ താൻ നേരത്തെ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്നും ട്രമ്പ് പ്രസംഗത്തിൽ അവകാശപ്പെട്ടു.

അതേസമയം, അമേരിക്കയുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി നിഷേധിച്ചു. വാഷിംഗ്ടൺ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ പരിശോധിക്കുന്നുണ്ടെങ്കിലും അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് നിലവിൽ ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥർ മുഖേന സന്ദേശങ്ങൾ കൈമാറുന്നത് ചർച്ചകളായി കാണാനാവില്ലെന്നും ഇറാന്റെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ടെഹ്‌റാൻ ആവർത്തിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം 27-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുകയാണ്.

Related Articles

Latest Articles