Saturday, September 19, 2026

“പാകിസ്ഥാനിലും ബംഗ്ലാദേശിലും ഭീഷണി നേരിടുന്ന ഹൈന്ദവരെ എക്കാലവും ഞാൻ പിന്തുണയ്ക്കും” – നെതർലാൻഡ്‌സ് പാർലമെന്റിലേക്കുള്ള ചരിത്ര വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഹീർത്ത് വിൽഡേഴ്‌സ്

നെതർലാൻഡ്‌സ് പാർലമെന്റിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് തീവ്ര വലതുപക്ഷ നേതാവായ ഗീർട്ട് വൈൽഡേഴ്‌സ്. ഇതിനൊപ്പം പാകിസ്ഥാനിലും ബംഗ്ലാദേശിലും ഭീഷണി നേരിടുന്ന ഹിന്ദുക്കൾക്കുള്ള പിന്തുണയും അദ്ദേഹം അറിയിച്ചു.

“ഡച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് എന്നെ അഭിനന്ദിച്ച ലോകമെമ്പാടുമുള്ള എന്റെ എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി. ഇന്ത്യയിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിച്ചു: ഹിന്ദുവായതുകൊണ്ട് മാത്രം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഹിന്ദുക്കളെ ഞാൻ എപ്പോഴും പിന്തുണയ്ക്കും, ”- ഗീർട്ട് വൈൽഡേഴ്‌സ് സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.

മുസ്ലിം വിമർശനത്തിന് പേരുകേട്ട വൈൽഡേഴ്‌സ് തന്റെ വിജയ പ്രസംഗത്തിൽ, തന്റെ പ്രചാരണത്തിൽ പ്രധാനമായും പറഞ്ഞിരുന്ന കുടിയേറ്റ പ്രശ്‌നത്തെയും പരാമർശിച്ചു.അഭയാർത്ഥി സുനാമി എന്നായിരുന്നു കുടിയേറ്റത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. “ഡച്ചുകാർ വീണ്ടും ഒന്നാം സ്ഥാനത്തെത്തും. ജനങ്ങൾക്ക് അവരുടെ രാജ്യം തിരികെ ലഭിക്കണം” അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിനെയും , യൂറോപ്യൻ യൂണിയനെയും, കുടിയേറ്റക്കാരെയും നിരന്തരം വിമർശിക്കുന്ന വൈൽഡേഴ്‌സ്, മുമ്പ് ഡൊണാൾഡ് ട്രംപിന്റെ ഡച്ച് പതിപ്പ് എന്നായിരുന്നു വിശേഷിക്കപ്പെട്ടിരുന്നത്.

അതേസമയം രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്താൻ മറ്റ് പാർട്ടികളുമായി അദ്ദേഹത്തിന് സഖ്യമുണ്ടാക്കേണ്ടി വരും. നിലവിൽ രാജ്യത്തെ മുഖ്യധാരാ പാർട്ടികൾ അദ്ദേഹത്തോടും പാർട്ടിയോടും ചേരാൻ വിമുഖത കാണിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ജന പിന്തുണ എല്ലാ പാർട്ടികളെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

Related Articles

Latest Articles