Saturday, May 18, 2024
spot_img

കൊറോണ: ഇറാനിലെ ഇന്ത്യക്കാരെ ഉടൻ തിരികെയെത്തിക്കും; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനം ടെഹ്‌റാനിലേക്ക്

ദില്ലി: കൊറോണ വൈറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേന നീക്കം തുടങ്ങി. ഇതിനായി വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ പ്രത്യേക വിമാനം ഇറാൻറെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് തിരിക്കും. ഇന്ത്യൻ എയർഫോഴ്‌സിന്റെ ഏറ്റവും മികച്ച ട്രാസ്പോർട്ട് എയർക്രാഫ്റ്റാണ് സി 17 ഗ്ലോബ്മാസ്റ്റർ. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള വ്യോമസേനയുടെ ഹിന്ദോൻ വ്യോമകേന്ദ്രത്തിൽനിന്ന് ഇന്ന് (തിങ്കൾ) രാത്രി എട്ടിനാണ് വിമാനം തിരിക്കുന്നത്.

ഇന്ന് രാവിലെ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ കശ്മീര്‍ താഴ്വരയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഇറാനില്‍ അകപ്പെട്ട വിദ്യാര്‍ഥികളുടെയും തീര്‍ഥാടകസംഘത്തിലേയും ബന്ധുക്കളെ സന്ദര്‍ശിച്ച മന്ത്രി അവര്‍ക്ക് എല്ലാവിധത്തിലുമുള്ള സുരക്ഷ ഒരുക്കുമെന്നും അവരെ ഇന്ത്യയില്‍ എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള സത്വരനടപടികള്‍ കൈക്കൊള്ളുമെന്നും ഉറപ്പ് നല്കി. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ടെഹ്‌റാനിലേക്ക് പ്രത്യേക വിമാനമയയ്ക്കുന്നത്.

ആദ്യഘട്ടത്തിൽ ഇറാനിൽനിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കുന്നത്. ഇവർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് തിരികെ എത്തിക്കാൻ നടപടി ആരംഭിച്ചത്. ഇവരുടെ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ഇറാനിൽ രണ്ടായിരത്തോളം ഇന്ത്യക്കാരാണുള്ളത്. മൂന്നു ദിവസം മുമ്പ് മഹാൻ എയർലൈൻ വിമാനം 300 ഇന്ത്യക്കാരുടെ സാമ്പിളുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിൻറെ പരിശോധനയിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചവരെയാണ് നാട്ടിലെത്തിക്കുന്നത്.

കേന്ദ്രസർക്കാർ ഇതിനോടകം തന്നെ ശാസ്ത്രജ്ഞരേയും മൊബൈൽ ലബോർട്ടറികളും ഇറാനിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ പ്രവർത്തനം ആരംഭിക്കാൻ കസ്റ്റംസ് അനുമതിക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കി.

Related Articles

Latest Articles