പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമബിൻലാദനെ, അതിർത്തി കടന്ന് എത്തിയ അമേരിക്കൻ സൈന്യത്തിന്റെ പ്രത്യേക സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത് 2011 മെയ് രണ്ടിനെ പുലർച്ചെ ഒരു മണിക്ക്. അബോട്ടാബാദിലെ പാക് സൈനിക കേന്ദ്രത്തിന് സമീപമായിരുന്നു ലാദൻ ഒളിവിൽ കഴിഞ്ഞത്. ആക്രമണം നടത്തി അമേരിക്കൻ സംഘം മടങ്ങി 15 മിനിറ്റുകൾ കഴിഞ്ഞാണ്, പക്ഷെ പാക് സൈന്യം വിവരം അറിഞ്ഞത്.

സൂചനകൾ എല്ലാമുണ്ടായിട്ടും ഇന്ന് പുലർച്ചെ ഇന്ത്യൻ വ്യോമസേന അതിർത്തിക്കുള്ളിൽ കടന്ന് ബോംബുവർഷം നടത്തിയത് പാകിസ്ഥാൻ സേന അറിഞ്ഞതാകട്ടെ അരമണിക്കൂർ കഴിഞ്ഞും!

പാകിസ്ഥാനുമായുളള യുദ്ധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവലായി ബാ​ലക്കോട്ട് ആക്രമണം. സന്നാഹങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്നു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അനുമതി കൊടുത്ത ശേഷം ബാക്കി ഒരുക്കങ്ങൾ നടന്നത് അതീവ രഹസ്യമായി.

മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചതും ടാർജറ്റ് തിരഞ്ഞെടുത്തതും വ്യോമസേനാ തന്നെയെന്നാണ് സൂചന. ഡോപ്ളർ റഡാർ ഉപയോഗിച്ച് കൃത്യമായി ലക്ഷ്യം ഭേദിക്കാനുള്ള കഴിവാണ് മിറാഷിനെ വ്യത്യസ്തമാക്കുന്നത്. ജയ്ഷെ മുഹമ്മദിന്റെയും ലഷ്കർ ഇ തായ്ബയുടെയും ഹിസ്ബുൾ മുജാഹിദിന്റെയും അനുബന്ധ സൗകര്യങ്ങളും തകർക്കാൻ ഇന്ത്യൻ വ്യോമസേന 1000 കിലോ ബോംബുകൾ ഉപയോഗിച്ചതും കൃത്യമായ ഒരു സന്ദേശമാണ് പാകിസ്ഥാനും ജയ്ഷെ മുഹമ്മദിനും നൽകുന്നത്.

ഏതാണ്ട് 200 ഭീകരർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ടുകളുണ്ട്. ജയ്ഷെ തലവൻ മസൂദ് അഷറിനെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ സേന പാക് അധിനിവേശ കാശ്മീരിൽ നിന്നു തന്നെ മാറ്റിയിരുന്നു.