സതാംപ്ടണ്‍: ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്‍റെ അത്യുഗ്രൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 പന്ത് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് ഭേദിച്ചു.
ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി തികച്ചു. റൂട്ട് 94 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ബെന്‍ സ്റ്റോക്ക് 10 റണ്‍സുമായി പുറത്താകാതെ നിന്നു. 46 പന്തില്‍ 45 റണ്‍സ് എടുത്ത ജോണി ബെയര്‍സ്‌റ്റോ, 53 പന്തില്‍ 40 റണ്‍സ് എടുത്ത ക്രിസ് വോക്‌സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷാനോന്‍ ഗബ്രില്ലിനാണ് രണ്ട് വിക്കറ്റും
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് കനത്ത പ്രഹരമാണ് ഇംഗ്ലണ്ട് ഏല്‍പ്പിച്ചത്. ഓപ്പണര്‍ എവിന്‍ ലൂയിസ് രണ്ട് റണ്ണെടുത്ത് ഔട്ടായി. ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ വിൻഡീസ് നന്നേ ബുദ്ധിമുട്ടിയാണ് പിടിച്ചുനിന്നത്.
ഇംഗ്ലണ്ടിനായി 6.4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 9 ഓവറില്‍ 30 റണ്‍സ് വഴങ്ങി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, പ്ലുംകെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഈ വിജയത്തോടെ നാലു മൽസരങ്ങളിൽനിന്ന് ആറു പോയന്‍റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കു കയറി. ഓസീസിനും ആറു പോയന്‍റുണ്ടെങ്കിലും റൺറേറ്റിലെ മേധാവിത്തമാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. നാലു മൽസരങ്ങളിൽ നിന്ന് ഏഴ് പോയന്‍റ് നേടിയ ന്യൂസീലാന്‍ഡാണ് ഒന്നാമത്

