Thursday, January 8, 2026

‘സൈന്യത്തിലും ഞങ്ങള്‍ ഒരുമിച്ച്‌’ ; ഈ ഇരട്ടസഹോദരങ്ങൾ ഇനി ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗം

അമൃത്‍സര്‍: 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അഭിനവ് പതക്കും പരിണവ് പതക്കും ഒരമ്മയുടെ വയറ്റിൽ നിന്നും പിറന്നു വീണത് . തുടർന്നങ്ങോട്ട് ഒരേ സ്കൂളില്‍ വിദ്യഭ്യാസം . എന്നാൽ എന്‍ജിനീയറിങ് പഠനത്തിന് മാത്രം രണ്ടുകോളേജുകളിൽ പഠിക്കേണ്ടിവന്നു . രണ്ടുവഴികളിലായി പിരിഞ്ഞ ഇവരെ പിന്നീട് ഒന്നിപ്പിച്ചത് ‘ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമാകുക’ എന്ന ആഗ്രഹമായിരുന്നു .

ശരീര രൂപത്തിലും സ്വപ്നങ്ങളിലും സമാനത പുലര്‍ത്തിയവരാണ് ഈ സഹോദരങ്ങൾ . ഇരുവരും കാലങ്ങളായി മനസ്സില്‍ സൂഷിച്ചുവെച്ചിരുന്ന ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് . ഇന്ത്യന്‍ സൈന്യത്തിലെ രണ്ട് വ്യത്യസ്ത യൂണിറ്റുകളിൽ നിയമനം കിട്ടിയിരിക്കുകയാണ്‌ അഭിനവ് പതക്കിനും പരിണവ് പതക്കിനും .

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 457 കേഡറ്റുകളുടെ കൂടെയാണ് ഈ ഇരട്ടസഹോദരങ്ങൾ ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമാകുന്നത്. അക്കാദമിയിലെ പഠനത്തിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങൾ പാസ്സിങ് ഔട്ട് ചടങ്ങില്‍ അഭിനവും പരിണവും പങ്കുവെച്ചു .

പലതവണ പരിശീലകര്‍ ഇരുവരുടെയും പേരുകള്‍ തെറ്റി വിളിച്ചിരുന്നതും ഭക്ഷണശാലയിലെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചിറങ്ങിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് തന്നെ വീണ്ടും ഭക്ഷണം വിളമ്പിയെന്നുമുള്ള രസകരമായ നിമിഷങ്ങൾ ഇവര്‍ ഓര്‍ത്തെടുത്തു. അഭിനവിനെ സൈന്യത്തിന്‍റെ പ്രതിരോധ വിഭാഗത്തിലും പരിണവിനെ ഏവിയേഷന്‍ വിഭാഗത്തിലുമാണ് നിയമിച്ചിരിക്കുന്നത്.

Related Articles

Latest Articles