Saturday, May 18, 2024
spot_img

“അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം” – എക്സാലോജിക്കിന്റെ ഹർജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ്

തിരുവനന്തപുരം : മാസപ്പടി കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് കേസിലെ പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ്ജ്. എക്സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണെന്നും എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക്കിന്റെ ഹർജി തള്ളിയ കർണ്ണാടക ഹൈക്കോടതിയുടെ വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“എക്സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ തെളിവുകൾ എസ്എഫ്ഐഒയ്ക്ക് നൽകി. കെഎസ്ഐഡിസിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടും” – ഷോൺ ജോർജ് പറഞ്ഞു.

മാസപ്പടിക്കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാ ലോജിക് നൽകിയ ഹർജി ഇന്നുച്ചയ്ക്കാണ് കർണ്ണാടക ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എൻ നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എക്‌സാ ലോജിക്കിന്റെയും എസ് എഫ് ഐ ഒ യുടെയും ഭാഗം കോടതി വിശദമായി കേട്ടിരുന്നു. വിവാദ കരിമണൽ കമ്പനിയായ സി എം ആർ എല്ലും എക്‌സാ ലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാടുകളെ കുറിച്ചാണ് അന്വേഷണം. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഇപ്പോൾ ആർ ഒ സി കണ്ടെത്തിയിരിക്കുന്നത്.

നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡും, ബംഗളൂരു ആർ ഒ സി യും ഇടപാടുകൾ ദുരൂഹമാണെന്ന് കണ്ടെത്തിയിരുന്നു. സേവനങ്ങൾ ഒന്നും നൽകാതെ സി എം ആർ എൽ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കും കമ്പനി അക്കൗണ്ടിലേക്കും കോടികൾ കൈമാറിയിരുന്നു. കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും തുക കൈമാറിയിട്ടുണ്ട്. ഇത് കള്ളപ്പണമാണെന്ന് തെളിഞ്ഞാൽ കേന്ദ്ര ഏജൻസികളായ ഇ ഡി യും സി ബി ഐ യും ഇടപെടാനുള്ള സാധ്യതയുണ്ട്. കോടതി വിധി വരുന്നത് വരെ വീണയെ അറസ്റ്റ് ചെയ്യരുത് എന്ന് ഇടക്കാല വിധിയുണ്ടായിരുന്നു. എന്നാൽ ഹർജി തള്ളിയ പശ്ചാത്തലത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Related Articles

Latest Articles