കണ്ണൂർ : കണ്ണൂർ ഡെന്റൽ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കളും സഹപാഠികളും രംഗത്ത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ നിയമപരമായി കൈകാര്യം ചെയ്യുന്നതിന് പകരം, നിതിനെ കോളേജിൽ വെച്ച് പരസ്യമായി അപമാനിച്ച അദ്ധ്യാപകരുടെ നടപടിയാണ് നിതിന്റെ മരണത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന പരാതി.
ലോൺ ആപ്പുകളിൽ നിന്ന് നിതിൻ പണം കടമെടുത്തിരുന്നതായും അതുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ ഒരു അദ്ധ്യാപികയ്ക്ക് ലഭിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ വിവരം പോലീസിനെയോ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെയോ അറിയിക്കുന്നതിന് പകരം, ഉത്തരവാദിത്തപ്പെട്ട അദ്ധ്യാപകർ നിതിനെ ക്യാമ്പസിൽ വെച്ച് മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്. ഒരു വിദ്യാർത്ഥിയുടെ സ്വകാര്യതയെ പൂർണ്ണമായും ലംഘിച്ചുകൊണ്ട്, ക്രിമിനൽ സംഘങ്ങളെപ്പോലെ അധ്യാപകർ നിതിനെ ചോദ്യം ചെയ്തത് വിദ്യാർത്ഥിയെ അങ്ങേയറ്റം തളർത്തിയെന്നാണ് വിവരം.
സംഭവത്തിൽ ഡോ. എം.കെ. റാം, സംഗീത എന്നിവരുൾപ്പെടെയുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരവും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നതോടെ അധ്യാപകരുടെ പീഡനവിവരങ്ങൾ കൂടുതൽ വ്യക്തമാകുമെന്നാണ് കരുതുന്നത്. അതേസമയം, ഉന്നത സ്വാധീനമുള്ള ആശുപത്രി മാനേജ്‌മെന്റ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കോളേജ് അധികൃതർ തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് പോലീസിന്റെ നീക്കമെന്ന സംശയവും ഇവർ ഉയർത്തുന്നുണ്ട്

