Sunday, May 19, 2024
spot_img

ലൈംഗിക അതിക്രമത്തിന് ഇരയായതായി സ്ത്രീകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽവിവരങ്ങള്‍, രാഹുൽ പോലീസിന് കൈമാറണം;അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ദില്ലി : ലൈംഗിക അതിക്രമത്തിന് ഇരയായതായി സ്ത്രീകള്‍ ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയോട് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ വിവരങ്ങള്‍ പോലീസിന് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ രാഹുല്‍ഗാന്ധി തയ്യാറായില്ലെങ്കിൽ ഇരകള്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്റെ കടമകളെപ്പറ്റി പറയുന്നത് രാഹുല്‍ വായിച്ചിട്ടില്ലേ ? സിആര്‍പിസിയെക്കുറിച്ച് രാഹുലിന് അറിയില്ലേ ? കുറ്റകൃത്യം നടന്നതായി അറിവ് ലഭിച്ചാല്‍ അക്കാര്യം പോലീസിനെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അത് ചെയ്യാത്തയാളും കുറ്റവാളിയായി മാറും. രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടത് അനുസരിച്ചാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോട്ട് ദില്ലി പോലീസിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തിയത്. വളരെ മുതിര്‍ന്ന നേതാവായ ഗെഹ്‌ലോട്ടിന് ഇതെല്ലാം അറിയുന്നതാണ്. എന്നാല്‍ ദില്ലി പോലീസിന്റെ നടപടിയെ അപലപിക്കണമെന്ന് രാഹുല്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തോട് ആവശ്യപ്പെട്ടുണ്ടാകാം’ ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.

ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന സ്ത്രീകളെപ്പറ്റി രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിൽ ദില്ലി പോലീസ് ഇന്ന് പുലർച്ചെ വീട്ടിലെത്തി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ കുറച്ച് കൂടി സമയം അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
.

Related Articles

Latest Articles