Saturday, May 18, 2024
spot_img

25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഫെബ്രുവരിയിൽ തിരി തെളിയും; നാല് ജില്ലകളില്‍ വേദി; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. തിരുവനന്തപുരം മാത്രം വേദിയായിരുന്ന മേള നാല് ജില്ലകളിലായി നാല് ഘട്ടങ്ങളിൽ നടക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും മേള. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് മേള നടക്കുക. മേളക്കായി തിയേറ്ററുകൾ തുറക്കുമെങ്കിലും സിനിമാശാലകളുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം കോവിഡ് വ്യാപന തോത് നോക്കിയ ശേഷം മാത്രമേ തീരുമാനിക്കൂ.

ഈ വർഷം ഡെലിഗേറ്റുകൾക്കുള്ള ഫീസ് 750 ആയി കുറച്ചിട്ടുണ്ട്, കഴിഞ്ഞ വർഷമിത് 2000 രൂപയായിരുന്നു. ചലച്ചിത്രമേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച്‌ ആയിരിക്കും. തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഈ വർഷം മാത്രമാകും ഈ ക്രമീകരണം.

അടുത്ത വർഷം മുതൽ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും. ഇരുന്നൂറു പേർക്കു മാത്രമാണ് തിയേറ്ററിൽ പ്രവേശനമുണ്ടാവുക. രജിസ്‌ട്രേഷൻ അതതു മേഖലകളിൽ നടത്തണം. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമെ പങ്കെടുപ്പിക്കുകയുള്ളൂ. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല. മീറ്റ് ദി ഡയറക്ടർ, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴി നടത്തും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവും ആയിരിക്കും ഉണ്ടാവുക. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപ 750 ആയും, വിദ്യാർത്ഥികൾക്ക് 500 രൂപയുമായിരുന്നത് 400 രൂപയും കുറച്ചു.

Related Articles

Latest Articles