Saturday, May 18, 2024
spot_img

ഐജി പി. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി ! മുഖ്യമന്ത്രി ഉത്തരവിറക്കി

തിരുവനന്തപുരം : സസ്‌പെന്‍ഷനിലായിരുന്ന ഐ.ജി. പി.വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ റദ്ദാക്കിയുള്ള മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മെയ് 18- നായിരുന്നു വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നായിരുന്നു റിപ്പോർട്ട്.

പ്രതി ഷാരൂഖ് സെയ്‌ഫിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതിൽ വീഴ്ചപറ്റിയെന്നും അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്ഐ കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രാരംഭഘട്ടത്തിൽ അന്വേഷിച്ചത് കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡായിരുന്നു. ഇതിന്റെ ചുമതല ഐജി പി വിജയനായിരുന്നു. എന്നാൽ കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെയും ചുമതലയും വഹിച്ചിരുന്നുവെങ്കിലും കെബിപിഎസിലെ പാർട്ടി നിയമനങ്ങൾക്കെതിരെ ശബ്ദമുയർത്തിയത് യൂണിയനുകളുടെ അതൃപ്തിക്ക് ഇടയാക്കി.പിന്നാലെ ആ സ്ഥാനത്ത് നിന്നും നീക്കി. സ്റ്റുഡന്റ് കേഡറ്റ് ചുമതലയിൽനിന്നും അദ്ദേഹത്തെ നേരത്തെ നീക്കിയിരുന്നു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പി. വിജയന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയതുമുതല്‍ അതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായിരുന്നു.

Related Articles

Latest Articles