നെടുമങ്ങാട്: ചൂട് ചാരായവും വെടിയിറച്ചിയും ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവിനെ എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷം അറസ്റ്റ് ചെയ്‌ത് ഡാൻസാഫ് സംഘം. റൂറൽ എസ് പി യുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വലിയമല പനയ്‌ക്കോട് സ്വദേശി ഭജൻലാലാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന.
149 ലിറ്റർ ചാരായവും 39 ലിറ്റർ വൈനും വെടിമരുന്നും കാട്ടുപന്നിയുടെ ഇറച്ചിയുടെ അവശിഷ്ടങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകളിലായിരുന്നു. ചാരായവും വൈനും സൂക്ഷിച്ചിരുന്നത്. ഈ അറകൾക്ക് മുകളിൽ മണ്ണിട്ട് യുവാവ് ചീരകൃഷി നടത്തിയിരുന്നു. ചീരക്കൃഷിയുടെ മറവിലായിരുന്നു ചാരായത്തിന്റെ ചില്ലറ വിൽപ്പന.
വെടിമരുന്ന് ഉപയോഗിച്ചിരുന്നത് കാട്ടുമൃഗങ്ങളെ വേട്ടയാടാനായിരുന്നു എന്നാണ് സൂചന. വിശ്വസ്തരായ ആളുകൾക്കാണ് ഉൽപ്പന്നങ്ങൾ വിറ്റിരുന്നത്. അതുകൊണ്ടുതന്നെ എട്ടുമാസത്തെ നിരീക്ഷണം ഭജൻലാലിനെ കുടുക്കാൻ പോലീസ് സംഘത്തിന് വേണ്ടിവന്നു. അബ്‌കാരി നിയമം അനുസരിച്ച് മാത്രമല്ല വന്യമൃഗങ്ങളെ വേട്ടയാടിയതിനും ഭജൻലാലിനെതിരെ കേസെടുക്കും.

